വെണ്മണി ഇരട്ടകൊലപാതകം:സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി : വെണ്‍മണി ഇരട്ടക്കൊല പാതകത്തില്‍ സംസ്ഥാന പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലല്ല നടന്നതെന്ന് ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ഐ എന്‍ എച്ച് ആര്‍ ഓ കേരള ഹൈക്കോടതിയില്‍ പരാതി നല്‍കി. കൊല്ലപ്പെട്ട വൃദ്ധദമ്പതികളുമായി മുന്‍ വൈരാഗ്യം ഉണ്ടായിരുന്ന ഏതോ വമ്പന്‍ സ്രാവുകള്‍ക്ക് വേണ്ടി മറ്റാരൊക്കെയോ ചേര്‍ന്ന് നടത്തിയ കൊലപാതകമാണ് ഇതെന്നുമാണ് സംഘടനയുടെ ആരോപണം. ഈ മാസം 12 നാണ്് രജിസ്ട്രാര്‍ ജനറലിന്് പരാതി നല്‍കിയത്. കേരള പോലീസിന്റെ അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ ഉണ്ടെന്നും മാവേലിക്കര അഡീ: ജില്ലാ സെഷന്‍സ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്ന വിചാരണ നടപടികള്‍ അടിയന്തരമായി സ്റ്റേ ചെയ്ത് സിബിഐയുടെ മേല്‍നോട്ടത്തില്‍ പുനരന്വേഷണം നടത്തണമെന്നുമാണ് പരാതിയിലെ ആവശ്യം. പോലീസിന്റെ അന്വേഷണത്തില്‍ പറ്റിയിട്ടുള്ള ഗുരുതരമായ വീഴ്ചകളെ കുറിച്ച് പരാതിയില്‍ പരാമര്‍ശമുണ്ട്. രണ്ടുപേര്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന രീതിയിലല്ല കുറച്ച് സമയം കൊണ്ട് പട്ടാപ്പകല്‍ ഉണ്ടായ കൊലപാതകവും മോഷണവും നടന്നതെന്ന പോലീസ് ഭാഷ്യം വിശ്വസനീയമല്ല. നേരെമറിച്ച് സംഭവം നടന്ന വീടുമായി നല്ല മുന്‍പരിചയമുള്ള ഒരു സംഘമാളുകള്‍ ചേര്‍ന്ന് നടത്തിയ കുറ്റകൃത്യമാണെന്ന് സംശയിക്കാം എന്നിരിക്കെ ഇത്തരത്തിലുള്ള വിപുലമായ അന്വേഷണം പോലീസ് നടത്തിയിട്ടില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കൈയില്‍ കിട്ടിയ രണ്ട് പേരില്‍ അന്വേഷണം അവസാനിപ്പിച്ച് ധൃതിയില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കുകയാണ് പോലീസ് ചെയ്തതതത്രെ്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് നിലവിലുള്ള പ്രതികള്‍ പറയുന്നുണ്ട്, അതിന്റെ അര്‍ത്ഥം ഇപ്പോള്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരല്ല യഥാര്‍ത്ഥ പ്രതികള്‍ എന്നാണ്. എന്നാല്‍ നുണപരിശോധനയ്ക്ക് ഉള്ള യാതൊരു നടപടികളും പോലീസ് കൈക്കൊണ്ടില്ല. വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്ത് കേരളത്തിലേക്ക് കൊണ്ടുവന്ന പ്രതികളെ കോടതിയുടെ അനുമതിയില്ലാതെയും കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായും നഖത്തിന്റെ സാമ്പിളുകള്‍ രക്തസാമ്പിളുകള്‍ എന്നിവ നിയമവിരുദ്ധമായി ശേഖരിച്ചുവെന്നും സംഭവം നടന്ന വീട്ടിലെത്തിച്ച് വിരലടയാളങ്ങള്‍ ഭിത്തിയിലും അലമാരയിലും ഒക്കെ ബലമായി പതിപ്പിച്ച് വ്യാജ തെളിവ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *