കൊച്ചി: ബലാത്സംഗക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ നീക്കം. അപ്പീല്‍ പോകാനായി ആഭ്യന്തര വകുപ്പ് എ.ജിയെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയത്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ ഉത്തരവ് പരിശോധിച്ച ശേഷം കേസില്‍ അപ്പീല്‍ പോകാനുള്ള ന്യായങ്ങളുണ്ടെന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ചറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഡി.ജി.പി സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു്.
കോട്ടയം വിചാരണക്കോടതിയായിരുന്നു ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്ന് ഡി.ജി.പി നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും തീരുമാനമാകാതെ നീളുകയായിരുന്നു.ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ വിധി വന്നതിന് പിന്നാലെ തന്നെ അപ്പീല്‍ പോകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു. കൃത്യമായി അന്വേഷണം നടത്തി തെളിവുകള്‍ കൈമാറിയെന്ന് അവകാശപ്പെട്ടിട്ടും വിധി തിരിച്ചടിയായതോടെയായിരുന്നു അപ്പീല്‍ നടപടികളുമായി മുന്നോട്ട് പോകാനുള്ള പൊലീസിന്റെ നീക്കം.ഇത് കൂടാതെ പരാതിക്കാരിയായ കന്യാസ്ത്രീയും ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ലഭിക്കുന്ന സൂചനകള്‍ വ്യക്തമാക്കുന്നത്.
2014 മുതല്‍ മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2016 വരെ ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നാണ് കേസ്. ജനുവരി 14 നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധി കോടതി പുറപ്പെടുവിച്ചത്. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറായിരുന്നു വിധി പുറപ്പെടുവിച്ചത്.
നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തില്‍ പ്രധാനമായും ഏഴ് കുറ്റങ്ങളായിരുന്നു ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പൊലീസ് ചുമത്തിയത്.