കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പോലീസ് പീഡനം ആരോപിച്ച് സാക്ഷി സാഗര്‍ വിന്‍സന്റ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് സാഗര്‍ വിന്‍സന്റ് ഹര്‍ജി നല്‍കിയത്.സിംഗിള്‍ ബെഞ്ച് ജസ്റ്റീസ് അനു ശിവരാമന്റേതാണ് വിധി. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചോദ്യം ചെയ്യലിന്റെ പേരില്‍ ഉപദ്രവിക്കരുത്, പോലീസ് ആക്ടും ക്രിമിനല്‍ നടപടി ചട്ടവും അനുശാസിക്കുന്ന തരത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളുവെന്നും കോടതി വ്യക്തമാക്കി.
നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍ വിന്‍സന്റ്. ബൈജു പൗലോസ് തന്നെ ഉപദ്രവിക്കും എന്ന് ആശങ്കയുണ്ടെന്നും തെറ്റായി മൊഴി നല്കാന് ബൈജു പൗലോസിന്റെ ഭാഗത്തു നിന്നും സമ്മര്‍ദമുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.