പത്തനംതിട്ട: മൂഴിയാര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ജാഗ്രത മുന്നറിയിപ്പ് .ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഏത് നിമിഷവും ഉയര്‍ത്തിയേക്കാം.
വൃഷ്ടി പ്രദേശത്തു ശക്തമായ വേനല്‍ മഴയും, ശബരിഗിരി പദ്ധതിയില്‍ പരമാവധി ഉത്പാദനം നടത്തുന്നതും അതുവഴി മൂഴിയാര്‍ ഡാമിലേക്കെത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്നതുമാണ് ഷട്ടറുകള്‍ ഉയര്‍ത്താനുള്ള കാരണം. ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം.
മൂഴിയാര്‍ ഡാമിലെ അധികജലം ഡാമിന്റെ പരമാവധി ശേഷിയായ 192.63 മീറ്റര്‍ എത്തുമ്പോള്‍ ഡാമിന്റെ മൂന്നു ഷട്ടറുകള്‍ പരമാവധി 45 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി 50 കുമെക്സ് എന്ന നിരക്കില്‍ ഏതു സമയത്തും ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുമെന്ന് അധികൃതരുടെ അറിയിപ്പ്.
തുറന്നു വിടുന്ന ജലം ആങ്ങമൂഴി, സീതത്തോട് എന്നീ സ്ഥലങ്ങളില്‍ നദിയില്‍ 15 സെമി വരെ ജലനിരപ്പ് ഉയരാന്‍ സാധ്യത കണക്കിലെടുത്ത് കക്കാട്ടാറിന്റെയും പ്രത്യേകിച്ച് മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരു കരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.