ന്യൂഡല്‍ഹി: ഇന്‍ഡ്യന്‍ പീനല്‍ കോഡിലെ 124എ (രാജ്യദ്രോഹം) സുപ്രീംകോടതി മരവിപ്പിച്ചു.കേന്ദ്ര പുന:പരിശോധന പൂര്‍ത്തിയായി പുതിയ ഉത്തരവ് വരുന്നത് വരെയാണ് ഇന്നത്തെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. രാജ്യദ്രോഹ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. വകുപ്പ് പുന:പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതിനല്‍കിയെങ്കിലും,കേന്ദ്ര-സംസ്ഥന സര്‍ക്കാരുകള്‍ക്കോ പോലീസിനൊ ഈ വകുപ്പ് പ്രകാരം കേസെടുക്കാന്‍ അനുമതിയില്ല.ഇതിനിടെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.ഇതോടെ രാജ്യത്ത് വിവിധ ജയിലുകളില്‍ കഴിയുന്ന പതിമൂവായിരത്തോളം പേര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാനാകും.
ഐപിസി സെക്ഷന്‍ 124 എ (രാജ്യദ്രോഹം) യുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്‍ഡ്യയുടെയും മുന്‍ മേജര്‍ ജനറല്‍ എസ് ജി വോംബത്കറെയുടെയും ഹര്‍ജികള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി സമ്മതിക്കുകയായിരുന്നു. രാജ്യദ്രോഹ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി, മണിപൂരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന്‍ കിഷോര്‍ചന്ദ്ര വാങ്ഖേംച, ഛത്തീസ്ഗഡില്‍ നിന്നുള്ള കനയ്യ ലാല്‍ ശുക്ല എന്നിവരാണ് മറ്റ് ഹര്‍ജിക്കാര്‍.