വിവാദ ശബ്ദരേഖ: ബിലീവേഴ്‌സ് ചര്‍ച്ച് ക്രിമിനല്‍ ഗൂഢാലോചന ഹര്‍ജി ഫയല്‍ ചെയ്തു

തിരുവല്ല: ഏറെ വിവാദം സൃഷ്ടിച്ച സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് തിരുവല്ലയിലെ ബിലീവേഴ്‌സ് ചര്‍ച്ച് അധികൃതര്‍ രംഗത്തെത്തി. വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഷാജ് കിരണ്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ക്കെതിരെ മാനനഷ്ടം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ച് ബിലീവേഴ്‌സ് ചര്‍ച്ച് ഹര്‍ജി സമര്‍പ്പിച്ചു. തിരുവല്ലയിലെ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയിലാണ് ബിലീവേഴ്‌സ് ചര്‍ച്ച് വക്താവ് ഹര്‍ജി ഫയല്‍ ചെയ്തത്. ബിലീവേഴ്‌സ് ചര്‍ച്ച് വക്താവായ ഫാദര്‍ സിജോ പന്തപ്പള്ളില്‍, ചെറിയാന്‍ വര്‍ഗീസ് ആന്‍ഡ് അസോസിയേറ്റ്‌സ് എന്ന നിയമ സ്ഥാപനം മുഖേനയാണ് ഇന്ന് ഉച്ചയ്ക്ക് ഹര്‍ജി സമര്‍പ്പിച്ചത്.ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ചാര്‍ജ്ജുള്ള മുന്‍സിഫ് മജിസ്‌ട്രേറ്റ് വീണ വി. എസ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച് എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഔദ്യോഗിക വക്താവാണ് താനെന്ന് ഷാജ് കിരണ്‍ അവകാശപ്പെട്ടു എന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ സ്വപ്‌നസുരേഷ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എന്നാല്‍ ഷാജ് കിരണവുമായി ബിലീവേഴ്‌സ് ചര്‍ച്ചിന് യാതൊരു ഔദ്യോഗിക ബന്ധവുമില്ലെന്നും ഇത്തരം ഒരു പരസ്യപ്രസ്താവന തങ്ങളുടെ സ്ഥാപനത്തിന് കളങ്കം ഉണ്ടാക്കി എന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *