ആദ്യമായി ഉമ്മൻ ചാണ്ടിയില്ലാതെ നിയമസഭാ സമ്മേളനം; കുടുംബാംഗങ്ങളെ ക്ഷണിച്ച് സ്പീക്കർ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎൽഎയുമായ ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നിയമസഭാ സമ്മേളനത്തിന് ക്ഷണിക്കാനായി നിയമസഭാ സ്പീക്കർ എഎൻ ഷംസീർ പുതുപ്പള്ളിയിലെത്തി. ഭാര്യ മറിയാമ്മ ഉമ്മനെയും മകൾ മറിയ ഉമ്മനെയും പുതുപ്പള്ളി പള്ളിയിലെത്തി കണ്ട ശേഷമാണ് സ്പീക്കർ നിയമസഭാ സമ്മേളനത്തിന് നേരിട്ട് ക്ഷണിച്ചത്. നിയമസഭയുടെ 53 വർഷത്തെ ചരിത്രത്തിലാദ്യമായി ഉമ്മൻ ചാണ്ടിയില്ലാതെയാണ് നിയമസഭാ സമ്മേളനം നടക്കുന്നതെന്നും പകരം വെക്കാനില്ലാത്ത നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും സ്പീക്കർ അനുസ്മരിച്ചു.


53 വർഷം ഒരു മനുഷ്യന് നിയമസഭാ സാമാജികനായി ഇരിക്കാൻ സാധിക്കുന്നത് അപൂർവ ഭാഗ്യമാണ്. ഇനിയൊരു ഉമ്മൻ ചാണ്ടി ഉണ്ടാകുമോയെന്നത് സംശയമാണ്. അതുകൊണ്ട് ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ നാളത്തെ നിയമസഭാ സമ്മേളനത്തിലേക്ക് ക്ഷണിക്കാനായാണ് എത്തിയതെന്നും സ്പീക്കർ പറഞ്ഞു. കുടുംബാംഗങ്ങളോടൊപ്പം അഞ്ചു മിനിറ്റ് ചെലവഴിച്ച ശേഷമാണ് സ്പീക്കർ മടങ്ങിയത്. പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കാൻ ഇന്നും നിരവധിപ്പേർ എത്തി. കല്ലറയ്ക്കു മുകളിൽ നിവേദനങ്ങൾ സമർപ്പിച്ചും മെഴുകുതിരി കത്തിച്ചും പ്രാർഥന നടത്തിയുമാണ് ഭൂരിഭാഗം പേരും മടങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങളെ തള്ളി ഉമ്മൻ ചാണ്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണെന്നും വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *