രാജസ്ഥാന്‍ : മദ്യലഹരിയില്‍ 85കാരിയെ അടിച്ചു കൊലപ്പെടുത്തിയ 65കാരന്‍ പിടിയില്‍. രാജസ്ഥാനിലെ ഉദയ്പുരിലാണ് സംഭവം. വയോധികയെ പ്രതിയായ പ്രതാപ് സിങ് ആണ് പൊലീസ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിരുന്നു. കല്‍ക്കി ബായ് ഗമേതി എന്ന 85കാരിയാണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന പ്രതാപ് സിങ് 85-കാരിയെ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്നും അടിയേറ്റാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. മദ്യലഹരിയിലായിരുന്ന പ്രതി താന്‍ പരമശിവന്റെ അവതാരമാണെന്ന് പറഞ്ഞ് വയോധികയെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിനിടെ ഇയാള്‍ പൊലീസിനോട് പറഞ്ഞതായി ഉദയ്പൂര്‍ എസ്പി ഭുവന്‍ ഭൂഷണ്‍ യാദവിനെ ഉദ്ധരിച്ച് ദി ഇക്കോണമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പരമശിവന്റെ അവതാരമാണെന്നും മരിച്ചുകഴിഞ്ഞാല്‍ പുനര്‍ജീവിപ്പിക്കുമെന്നും പറഞ്ഞായിരുന്നു വയോധികയെ മര്‍ദിച്ചത്. കൈയിലുണ്ടായിരുന്ന കുട ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതാപ്, നാഥു സിംഗ് എന്നിവരുള്‍പ്പെടെ നാല് പേരെയും സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന പ്രായപൂര്‍ത്തിയാകാത്ത രണ്ട് വ്യക്തികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.