സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കും

മലപ്പുറം: സർക്കാർ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവൻ അക്ഷയകേന്ദ്രങ്ങളും ബുധനാഴ്ച പണിമുടക്കുമെന്നു സ്റ്റേറ്റ് ഐടി എം​​​പ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. പി. അബ്ദുൽ നാസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാധാരണക്കാരുടെ സേവനകേന്ദ്രമായ അക്ഷയകേന്ദ്രങ്ങൾ പൊതുവെ പ്രതിസന്ധിയിലാണു മുന്നോട്ടുപോവുന്നത്. അതിനിടെ അനാവശ്യമായി വിജിലൻസ് പരിശോധന നടത്തി അക്ഷയകേന്ദ്രങ്ങൾ അഴിമതികേന്ദ്രങ്ങളാണെന്നു വരുത്തിത്തീർക്കുകയാണ്.

ഏതെങ്കിലും കേന്ദ്രത്തിൽ സേവനത്തിന് അമിതഫീസ് ഈടാക്കിയിട്ടുണ്ടെങ്കിൽ അവർക്കെതിരേ നിയമനടപടിയെടുക്കുന്നതിനുപകരം അക്ഷയകേന്ദ്രങ്ങളിൽ മുഴുക്കെ വിജിലൻസ് കയറിയിറങ്ങിയതു പ്രതിഷേധാർഹമാണ്. അനാവശ്യ പരിശോധനകളും നിയന്ത്രണങ്ങളും ഒഴിവാക്കുക, വർഷങ്ങൾക്കുമുമ്പ് നിശ്ചയിച്ച സേവന നിരക്ക് പരിഷ്കരിക്കുക, അക്ഷയ സംരംഭക പ്രതിനിധികളുടെ യോഗം വിളിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

Leave a Reply

Your email address will not be published. Required fields are marked *