സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി 

തിരുവനന്തപുരം : സംസ്ഥാനത്തെ കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജന്‍ നിയമസഭയില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കുകയും കെ ഫോണ്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച്‌ ചോദിച്ചറിയും ചെയ്തു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ്വര്‍ക്ക് എന്ന പേരിലാണ് കെ ഫോണിന്‍റെ മാതൃക നടപ്പിലാക്കുന്നത്. കൂടിക്കാഴ്ചയില്‍ തമിഴ്നാട് ഐ.ടി സെക്രട്ടറി ജെ. കുമാരഗുരുബരന്‍, ടാന്‍ഫിനെറ്റ് കോര്‍പ്പറേഷന്‍ എം.ഡി എ ജോണ്‍ ലൂയിസ്, ഐ.ടി സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, കെ ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.

മുഖ്യമന്ത്രി പിണറായി വിജയെന്‍റ കുറിപ്പ്

കെ ഫോണിനെക്കുറിച്ച്‌ പഠിക്കാൻ തമിഴ്നാട് ഐടി മന്ത്രി പളനിവേല്‍ ത്യാഗരാജൻ കേരളം സന്ദര്‍ശിച്ചു. ഇന്ന് അദ്ദേഹത്തെ നേരിട്ട് കാണാനും കെ ഫോണിനെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യാനും സാധിച്ചു. തമിഴ്നാട് ഫൈബര്‍ ഒപ്റ്റിക്ക് നെറ്റ് വര്‍ക്ക് എന്ന പേരിലാണ് തമിഴ്നാട് കെ ഫോണിന്റെ മാതൃക നടപ്പിലാക്കുന്നത് എന്ന് അറിയിക്കുകയുണ്ടായി. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനു കേരളത്തിന്റെ എല്ലാ മാര്‍ഗനിര്‍ദ്ദേശങ്ങളും വാഗ്ദാനം ചെയ്തു. ആത്മാര്‍ത്ഥ സഹകരണത്തോടെ ജനങ്ങളുടെ ക്ഷേമത്തിനും നാടിന്റെ പുരോഗതിയ്ക്കുമായി ഒരുമിച്ചു മുന്നോട്ടു പോകുമെന്ന് പരസ്പരം ഉറപ്പു നല്‍കുകയും ചെയ്തു.

അതേസമയം, കേരളത്തില്‍ എ ഐ ക്യാമറകള്‍ സ്ഥാപിച്ചതിനെക്കുറിച്ച്‌ പഠിക്കാനായി തമിഴ്നാട് ഗതാഗതവകുപ്പിലെ സംഘമെത്തിയിരുന്നു. എഐ ക്യാമറകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന് അപകട നിരക്കും റോഡ് അപകട മരണനിരക്കും ഗണ്യമായി കുറഞ്ഞതിനെക്കുറിച്ച്‌ കൂടുതല്‍ പഠിക്കാനാണ് തമിഴ്നാട് ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ എത്തി‌യത്. അഡീഷണല്‍ ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ തുടങ്ങിയവര്‍ തമിഴ്നാട് സംഘത്തെ സ്വീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ അപകടമരണങ്ങള്‍ പകുതിയായി കുറഞ്ഞുവെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞവര്‍ഷം ജൂണില്‍ വാഹനാപകടങ്ങളില്‍ 344 പേര്‍ മരിച്ചപ്പോള്‍ എ ഐ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വര്‍ഷം ജൂണില്‍ അത് 140 ആയി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *