തൃശ്ശൂര്‍: നൈല്‍ ആശുപത്രിയില്‍ ഗര്‍ഭിണിയായ നഴ്സിനെ എംഡിയും ഡോക്ടറുമായ അലോക് മര്‍ദ്ദിച്ച വിഷയത്തില്‍ റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷ്ണറുമായി യുണൈറ്റഡ് നഴ്സസ് അസോസിയേഷന് പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എറണാകുളത്ത് വച്ചായിരുന്നു ചര്‍ച്ച നടന്നത്.
വിഷയത്തില്‍ ലേബര്‍ കോടതിയെ സമീപിക്കാന്‍ ലേബര്‍ കമ്മീഷന് പറഞ്ഞതായി പ്രതിനിധികള്‍ പറഞ്ഞു. ഈ മാസം 10-ാം തീയതി മുതല്‍ തൃശ്ശൂര്‍ ജില്ലയില്‍ സ്വകാര്യ ആശുപത്രിയിലെ മുഴുവന്‍ നഴ്സുമാരും വിഷയത്തില്‍ പ്രതിഷേധിച്ച് പണിമുടക്കും. അവശ്യസര്‍വീസിനും നഴ്സുമാര്‍ തയ്യാറാവില്ല എന്ന് യുഎന്‍എ ദേശീയ സെക്രട്ടറി സുദീപ് വ്യക്തമാക്കി. ജൂലൈ 27ന് നഴ്സുമാരെ പിരിച്ചുവിട്ട സംഭവത്തില്‍ ചര്‍ച്ച നടക്കുന്നതിനിടെ ഡോ. അലോക് ചവിട്ടിയെന്നായിരുന്നു ഗര്‍ഭിണിയായ നഴ്സിന്റെ ആരോപണം. എന്നാല്‍ നഴ്സിനെ ചവിട്ടിയെന്ന ആരോപണം ഡോ. അലോക് നിഷേധിച്ചു. ലേബര്‍ ഓഫീസില്‍ ചേര്‍ന്ന ചര്‍ച്ചക്കിടെ യുഎന്‍എ അംഗങ്ങള്‍ കൂട്ടമായി അക്രമിച്ചു എന്നായിരുന്നു അലോക് വാദിച്ചത്.