മലപ്പുറം: നിലമ്പൂരില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. എടക്കര വെള്ളാരംകുന്ന് തെക്കര തൊടിയില്‍ 26 വയസ്സുള്ള നിഷാദാണ് അറസ്റ്റിലായത്. 20.235 ഗ്രാം മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട മെത്താഫിറ്റമിനാണ് ഇയാളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുത്തത്.
ഓണം പ്രത്യേക കര്‍മ്മ പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ എക്സൈസ് സര്‍ക്കിള്‍ ഓഫീസും കാളികാവ് എക്സൈസ് റെയ്ഞ്ച് ഓഫീസും നടത്തിയ സംയുക്ത പരിശോധനയിലാണ് നിഷാദിനെ പിടിച്ചത്. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ നിലമ്പൂര്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എടക്കര പാലത്തിന് സമീപം കലക്കന്‍ പുഴയുടെ ഓരം ചാരി ഇല്ലിക്കാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്ക് വേണ്ടി കൈവശം വച്ച മയക്കുമരുന്ന് പിടിച്ചെടുത്തത്.
പിന്നീട് എടക്കര പോലീസ് ഇന്‍സ്പെക്ടര്‍ എന്‍ ബി ഷൈജുവിന്റെ സാന്നിദ്ധ്യത്തില്‍ പ്രതിയെ പരിശോധിച്ചപ്പോള്‍ കൂടുതല്‍ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. പിന്നീട് കണ്ടെടുത്ത മെത്താഫിറ്റമിനും രേഖകളും നിലമ്പൂര്‍ റെയ്ഞ്ച് ഓഫീസില്‍ ഹാജരാക്കി.