സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി

കൊച്ചി:  സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അനുകരണ കലയിലൂടെ തുടങ്ങി ജനപ്രിയ ചലച്ചിത്രകാരന്‍ എന്ന നിലയിലേക്ക് ഉയര്‍ന്ന പ്രതിഭയെയാണ് സിദ്ദിഖിന്റെ വിയോഗത്തിലൂടെ സാംസ്‌കാരിക കേരളത്തിന് നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. ‘ഗൗരവതരമായ ജീവിത പ്രശ്‌നങ്ങളെ നര്‍മ്മ മധുരമായ ശൈലിയില്‍ അവതരിപ്പിക്കുന്നതില്‍ സിദ്ദിഖ് ശ്രദ്ധേയമായ മികവ് പുലര്‍ത്തിയിരുന്നു. മികച്ച തിരകഥാകൃത്തും സംവിധായകനുമായിരുന്നു സിദ്ദിഖ്.

സിദ്ദിഖും ലാലും ചേര്‍ന്നൊരുക്കിയ പല സിനിമകളിലെ മുഹൂര്‍ത്തങ്ങളും സംഭാഷണങ്ങളും ജനമനസ്സില്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും മായാതെ നില്‍ക്കുന്നത് അദ്ദേഹത്തിലെ പ്രതിഭയുടെ സ്വീകാര്യതക്കുള്ള ദൃഷ്ടാന്തമാണ്. റാംജി റാവു സ്പീക്കിങ്ങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ തുടങ്ങിയ ഇവരുടെ ചലച്ചിത്രങ്ങള്‍ വ്യത്യസ്ത തലമുറകള്‍ക്ക് സ്വീകാര്യമായിരുന്നു.

മലയാള ഭാഷക്കപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലും ചലച്ചിത്ര രംഗത്തിന് സംഭാവന നല്‍കാന്‍ സിദ്ദിഖിന് സാധിച്ചു. മലയാള ചലച്ചിത്ര മേഖലയ്ക്കും മലയാളികള്‍ക്കാകെയും നികത്താനാവാത്തതാണ് സിദ്ദിഖിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ള നഷ്ടമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സിദ്ദിഖിന്റെ വിയോഗം. ഒട്ടേറെ പ്രതിഭകളെ മലയാള സിനിമകയ്ക്ക് സമ്മാനിച്ച സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട് മലയാളി ഒരിക്കലും മറക്കില്ല… വിയറ്റ്‌നാം കോളനി, ഗോഡ്ഫാദര്‍, കാബൂളിവാല, ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *