കൊച്ചി: മലയാള സിനിമയിലെ പ്രശസ്ത സംവിധായകനായ സിദ്ദിഖിന്റെ വേർപേടിലെ ഞെട്ടലിലാണ് മലയാള സിനിമ. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു. ന്യൂമോണിയയും കരൾ രോഗവും കാരണം കഴിഞ്ഞ ഏറെ കാലമായി ചികിത്സയിൽ കഴിയുകയായിരുന്ന സിദ്ദിഖിന് തിങ്കളാഴ്ച മൂന്ന് മണിയോടെ ഹൃദയാഘാതം ഉണ്ടായതാണ് കാര്യങ്ങൾ വഷളാക്കിയത്. സിദ്ദിഖ് എന്ന പേര് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേയ്ക്ക് ഓടിയെത്തുന്ന മറ്റൊരു പേരാണ് ലാൽ. നടനും സംവിധായകനുമായ ലാലുമായി ചേർന്ന് സിദ്ദിഖ് – ലാൽ എന്ന പേരിൽ സംവിധാനം ചെയ്ത സിനിമകളെല്ലാം വൻ വിജയമായിരുന്നു.
ഹാസ്യത്തെ അടിസ്ഥാനമാക്കിയാണ് ഇരുവരും മിക്ക സിനിമകളും ഒരുക്കിയത്. പ്രശസ്ത സംവിധായകൻ ഫാസിലിന്റെ സഹായിയായണ് സിദ്ദിഖ് സിനിമാ ജീവിതം തുടങ്ങിയത്. സംവിധായകനാകുന്നതിന് മുമ്പ് കൊച്ചിൻ കലാഭവനിൽ അദ്ദേഹം മിമിക്രി അവതരിപ്പിച്ചിരുന്നു. ഇതിനിടെയാണ് ഫാസിൽ സിദ്ദിഖിനെ കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും.
1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു സിദ്ദിഖ് – ലാൽ കോംബോയുടെ ആദ്യ ചിത്രം. മലയാള സിനിമയിൽ അതുവരെ ഉണ്ടായിരുന്ന എല്ലാ സിനിമാ സങ്കൽപ്പങ്ങളെയും പൊളിച്ചെഴുതിയ ചിത്രം വൻ വിജയമായി മാറി. പിന്നീട് നിരവധി ഹിറ്റുകൾ ഈ കോംബോയിൽ നിന്ന് പുറത്തിറങ്ങി.
1993ലാണ് സിദ്ദിഖും ലാലും വേർപിരിഞ്ഞത്. രണ്ട് പേരും രണ്ട് വഴിയ്ക്ക് തിരിഞ്ഞെങ്കിലും സിദ്ദിഖ് സംവിധാനം ചെയ്ത ചില ചിത്രങ്ങൾ ലാൽ നിർമ്മിച്ചു. ഇത്തരത്തിൽ ഇരുവരും അവരുടെ ബന്ധം തുടർന്നു. രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം 2016 ൽ ലാൽ സംവിധാനം ചെയ്ത കിംഗ് ലയർ എന്ന ചിത്രത്തിന്റെ തിരക്കഥയ്ക്ക് വേണ്ടി സിദ്ദിഖ് – ലാൽ വീണ്ടും ഒന്നിച്ചു. ലാൽ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സിദ്ദിഖും ലാലും ഒരുമിച്ചായിരുന്നു.
1993ന് ശേഷം, സിദ്ദിഖ് സംവിധായകനായി തന്റെ കരിയർ തുടർന്നു. അതേസമയം ലാൽ അഭിനയത്തിലേക്ക് തിരിയുകയും പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയനായ നടൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ സ്വന്തം ഇരിപ്പിടം ഉറപ്പിക്കുകയും ചെയ്തു.
ലാലിന്റെ പ്രൊഡക്ഷൻ ഹൗസായ ലാൽ ക്രിയേഷൻസിന് വേണ്ടി സിദ്ദിഖ് ഹിറ്റ്ലറും (1996) ഫ്രണ്ട്സും (1999) സംവിധാനം ചെയ്തു. പതിനാറ് വർഷത്തിന് ശേഷം, ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിന്റെ സീക്വലുകളായ 2 ഹരിഹർ നഗർ (2009), ഇൻ ഗോസ്റ്റ് ഹൗസ് ഇൻ (2010) എന്നിവ സംവിധാനം ചെയ്തുകൊണ്ട് ലാൽ വീണ്ടും സംവിധായകനായി.
റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയവയാണ് സിദ്ദിഖ് – ലാൽ ഒരുമിച്ച് ചെയ്ത ചിത്രങ്ങൾ. ഹിറ്റ്ലർ, ഫ്രണ്ട്സ്, ഫ്രണ്ട്സ് (തമിഴ്), ക്രോണിക് ബാച്ച്ലർ, എങ്കൾ അണ്ണ (തമിഴ്), സാധു മിറാൻഡ (തമിഴ്) ബോഡി ഗാർഡ്, കാവലൻ (തമിഴ്), ബോഡിഗാർഡ് (ഹിന്ദി), ലേഡീസ് & ജെന്റിൽമാൻ, ഭാസ്ക്കർ ദ റാസ്ക്കൽ, ഫുക്രി, ബിഗ് ബ്രദർ (2019) എന്നിവ ലാൽ ഒറ്റയ്ക്ക് ചെയ്ത ചിത്രങ്ങളാണ്.