കൊച്ചി : പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി വി എന്‍ വാസവന്‍. പുതുപ്പള്ളിയില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി തന്നെ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് നേതാവിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കുമെന്നത് അഭ്യൂഹം മാത്രമാണ്. ഒരു കോണ്‍ഗ്രസ് നേതാക്കളുമായും ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ‘സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യത്തില്‍ ചര്‍ച്ചയൊന്നും നടക്കുന്നില്ല’. മത്സരിക്കാന്‍ യോഗ്യതയുള്ള ഒട്ടേറെ നേതാക്കള്‍ തങ്ങളുടെ പാര്‍ട്ടിയിലുണ്ട്. സ്ഥാനാര്‍ത്ഥി ആരെന്ന് നേതൃയോഗം ചര്‍ച്ച ചെയ്യുമെന്നും പിന്നീട് തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി തങ്ങള്‍ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എന്‍ വാസവന്‍ പറയുന്നു. അത് ആ ക്യാമ്പില്‍ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയില്‍ തങ്ങള്‍ തയാറെടുക്കുന്നതെന്നും വി എന്‍ വാസവന്‍ കൂട്ടിച്ചേര്‍ത്തു.
പുതുപ്പള്ളിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ലാത്ത എല്‍ഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചര്‍ച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാര്‍ത്തകള്‍. രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എല്‍ഡിഎഫ് പരിഗണിക്കുന്നുവെന്ന സൂചനയും പുറത്തെത്തിയിരുന്നു.