തൃശൂര്‍ : ജില്ലയില്‍ നഴ്‌സുമാര്‍ നാളെ മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. യുഎന്‍എയ്ക്ക് കീഴിലുള്ള മുഴുവന്‍ ജീവനക്കാരും അത്യാഹിത വിഭാഗത്തിലെ ജീവനക്കാരും പണിമുടക്കും. കൈപ്പറമ്പ് നൈല്‍ ആശുപത്രി ഉടമയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. സമരം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. നൈല്‍ ആശുപത്രിയിലെ നഴ്‌സുമാരെ എം.ഡി മര്‍ദിച്ചെന്ന ആരോപണത്തിലാണ് നഴ്‌സുമാരുടെ ദിവസങ്ങളായുള്ള പ്രതിഷേധം.
മന്ത്രി കെ. രാജന്‍ ഇടപെട്ട് ആദ്യഘട്ടത്തില്‍ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായിരുന്നില്ല. പിന്നീട് കൃത്യമായ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടറും അറിയിച്ചിരുന്നു. എന്നാല്‍ നഴ്‌സുമാരുടെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ വന്നതോടെയാണ് പണിമുടക്കിലേക്ക് കടക്കുന്നത്.
അത്യാഹിത വിഭാഗത്തിലെ ജീവനക്കാര്‍ ഉള്‍പ്പടെ പണിമുടക്കും. ജില്ലയിലെ വിവിധ സ്വകാര്യ ആശുപത്രികളിലായി 5000ത്തിലേറെ രോഗികള്‍ ചികിത്സയിലുണ്ടെന്നാണ് നിഗമനം. സമരം ഈ രോഗികളെ ബാധിക്കും എന്നതിനാല്‍ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ആശുപത്രി മാനേജ്‌മെന്റുകള്‍.