കൊച്ചി : എന്‍ എസ് എസ് നാമജപ ഘോഷയാത്ര അന്വേഷണത്തിന് 4 ആഴ്ച്ചത്തേക്ക് തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞു. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാര്‍ നല്കിയ ഹര്‍ജിയിലാണ് നടപടി. സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ മിത്ത് പരാമര്‍ശത്തില്‍ എൻഎസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെയാണ് കേസെടുത്തത്.
നാമജപഘോഷയാത്രയില്‍ കേസിന് ആധാരമായ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ വാദിച്ചു. കടുത്തനടപടി ഉണ്ടാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു. കേന്റാണ്മെൻ്റ് പൊലീസാണ് തിരുവനന്തപുരത്ത് പാളയം ഗണപതിക്ഷേത്രം മുതല്‍ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കേസെടുത്തത്.
എന്‍എസ്എസ് കേസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്യായമായി പോലീസ് മുന്നറിയിപ്പ് അവഗണിച്ച് സംഘടിച്ചതിനും ഗതാഗതതടസ്സം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രക്ക് നേതൃത്വം നല്കിയ എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാര്‍ ഒന്നാം പ്രതി, ഒപ്പം കണ്ടാലറിയാവുന്ന ആയിരത്തോളം പേര്‍ക്കുമെതിരെയാണ് കേസ്. എൻഎസ്എസ് നേതൃത്വത്തെ നാമജപഘോഷ യാത്രക്കെതിരെ കേസെടുത്തത്കൂടുതല് പ്രകോപിപ്പിച്ചിരുന്നു. ഇങ്ങിനെയെങ്കില്‍ മുഴുവൻ വിശ്വാസികള്‍ക്കുമെതിരെ കേസെടുക്കേണ്ടിവരുമെന്നായിരുന്നു ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രതികരണം.