മലപ്പുറം: വളാഞ്ചേരി ഹോട്ടലില്‍ മോഷണം നടത്തിയ ആൾ പൊലീസ് പിടിയിൽ. ക്യാഷ് കൗണ്ടറില്‍ നിന്നു പണം മോഷ്ടിച്ച വളാഞ്ചേരി സ്വദേശി പരപ്പില്‍ അജ്മലിനെയാണ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2 മണിയോടെയാണ് മോഷണം നടന്നത്. മലപ്പുറം വളാഞ്ചേരി – കോഴിക്കോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന വെജ് വി ഹോട്ടലിന്റെ ഷട്ടറിന്റെ പൂട്ട് തകര്‍ത്തായിരുന്നു പ്രതി മോഷണം നടത്തിയത്. ക്യാഷ് കൗണ്ടറില്‍ നിന്നാണ് ഇയാൾ പണം കവര്‍ന്നത്. കട ഉടമ രാവിലെ ഹോട്ടല്‍ തുറക്കാൻ വന്നപ്പോള്‍ ആണ് മോഷണം നടന്നതറിയുന്നത്.
പൊലീസ് എത്തി ഹോട്ടലിലെ സി സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്ന്, പ്രതിക്കായി തിരച്ചില്‍ നടത്തുകയായിരുന്നു. വളാഞ്ചേരി സ്വാഗത് ബാറില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി നേരത്തെയും കടയില്‍ കയറി ബാറ്ററി മോഷണം നടത്തിയതിന് പിടിയിലായിരുന്നു. നിരവധി കേസില്‍ പ്രതിയായായ ഇയാളെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.