പാലക്കാട്: പ്രായപൂർത്തിയാകാത്ത സഹോദരിമാർ രണ്ടുമാസത്തിനിടെ വാളയാറിൽ തൂങ്ങിമരിച്ച സംഭവത്തിൽ പ്രതികളെ വെറുതെ വിടാൻ പാലക്കാട് പോക്‌സോ കോടതി ഉത്തരവ്. പെൺകുട്ടികളുടെ അച്ഛന്റെ സുഹൃത്ത് ഷിബു, അമ്മയുടെ ബന്ധുവായ വി മധു, എം മധു, ഷിബു എന്നിവരെയാണ് വെറുതെവിട്ടത്.
2017 ജനുവരി 12-ന് പതിമൂന്നുകാരിയായ ഋതികയെയും അതേ വർഷം മാർച്ച് നാലിന് ഒൻപതു വയസുകാരിയായ ശരണ്യയെയും ഒറ്റമുറി വീട്ടിൽ ഒരേ സ്ഥാനത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ളതാണു മൂത്തകുട്ടി. ഇളയമകൾ രണ്ടാം ഭർത്താവിന്റെ മകളാണ്.
അട്ടപ്പള്ളത്തായിരുന്നു ഇവരുടെ താമസം. നിർമാണ തൊഴിലാളികളായ ദമ്പതികൾ ജോലികഴിഞ്ഞു മടങ്ങിവരുന്നതിനു ഏതാനും മിനിറ്റുകൾക്കു മുമ്പാണ് രണ്ടു കുട്ടികളുടെയും മരണം നടന്നത്. പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പെൺക്കുട്ടികൾ ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞാണ് ആദ്യം പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. എന്നാൽ ഇത് പിന്നീട് വിവാദമായതോടെ ഡിവൈഎസ്പി സോജന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം വീണ്ടും കേസന്വേഷണം ഏറ്റെടുത്തു. ഇതോടെ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പേർ കേസിൽ പ്രതിചേർക്കപ്പെടുകയായിരുന്നു.
മൂത്തകുട്ടി പല തവണ പീഡനത്തിനിരയായിട്ടുണ്ടെന്ന് മാതാവ് പോലീസിന് മൊഴി നൽകിയിരുന്നു. അടുത്ത ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. ഇക്കാര്യം ബോധ്യപ്പെട്ടപ്പോൾ ഇയാളെ താക്കീത് ചെയ്തിരുന്നുവെന്നും അമ്മ മൊഴി നൽകി. കേസിൽ മൂന്നാം പ്രതിയെ നേരത്തെ തന്നെ കോടതി വെറുതെ വിട്ടിരുന്നു. ഇതോടെ കേസിൽ നാല് പ്രതികളും കുറ്റവിമുക്തരാക്കപ്പെട്ടു. പ്രായപൂർത്തിയാകാത്തയാളുടെ വിചാരണ ജുവനൈൽ കോടതിയിൽ പുരോഗമിക്കുകയാണ്.