കോട്ടയത്ത്‌ കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണു ലോട്ടറി കച്ചവടക്കാരന് ദാരുണാന്ത്യം

കോട്ടയം : നഗരമധ്യത്തിൽ കെട്ടിടത്തിലെ കോൺഗ്രീറ്റ് അടർന്ന് വീണ് ഒരാൾ മരിച്ചു. ചങ്ങനാശേരി പായിപ്പാട് പള്ളിച്ചിറക്കവല പള്ളിത്താച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെജെ എബ്രഹാമിന്റെ മകൻ ജിനോ കെ എബ്രഹാം (46) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെയാണ് ദാരുണമായ അപകടം ഉണ്ടായത്.

നഗരത്തിലെ രാജധാനി ഹോട്ടലിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരുന്ന കോൺക്രീറ്റ് ബീമാണ് അടർന്ന് റോഡിൽനിന്ന ജിനോയുടെ തലയിൽ വീണത്.  കെട്ടിത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മീനാക്ഷി ലക്കി സെന്ററിലെ ജീവനക്കാരനാണ് മരിച്ച ജിനോ. വ്യാഴാഴ്ച രാത്രിയിൽ ജോലിയ്ക്ക് ശേഷം പുറത്തിറങ്ങി വീട്ടിലേയ്ക്കു പോകാൻ നിൽക്കുകയായിരുന്നു ജിനോ. ഈ സമയത്താണ് രാജധാനി കെട്ടിടത്തിന്റെ ജനലിനോട് ചേർന്ന് നിർമിച്ചിരിക്കുന്ന ബീമുകളിൽ ഒന്ന് അടർന്ന് ഇദ്ദേഹത്തിന്റെ തലയിൽ വീണത്.

ജിനോയ്ക്ക് തൽക്ഷണം മരണം സംഭവിച്ചതായി നാട്ടുകാർ പറയുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇദ്ദേഹത്തെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവം അറിഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *