പാലക്കാട് 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ

പാലക്കാട് : 5 ദിവസം പ്രായമായ കുഞ്ഞിന് അധിക വാക്‌സിൻ നൽകിയ സംഭവത്തിൽ നഴ്‌സിന് സസ്‌പെൻഷൻ. പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് ചാരുലതയെയാണ് സസ്‌പെൻഡ് ചെയ്തത് . ആരോഗ്യ വകുപ്പ് ഡയറക്ടറാണ് ഉത്തരവിറക്കിയത് . നിർദ്ദേശിച്ചതിലും കൂടുതൽ വാക്‌സിൻ ഇവർ കുഞ്ഞിന് നൽകുകയായിരുന്നു.  ബിസിജി വാക്‌സിൻ എടുക്കുന്നതിനായി പിരായിരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയ നാദിർഷാ – സിബിനിയാ ദമ്പതികളുടെ കുഞ്ഞിനാണ് അധികവാക്‌സിൻ നൽകിയത്. അഞ്ചാം ദിവസത്തെ വാക്‌സിനെ കുറിച്ച് അറിയിച്ചെങ്കിലും നഴ്‌സ് ചാരുലതയുടെ ഭാഗത്ത് നിന്നും ഉണ്ടായത് രൂക്ഷമായ പ്രതികരണമാണെന്ന് ഇവർ പറയുന്നു.

കയ്യിലെടുക്കേണ്ട കുത്തിവെപ്പിന് പുറമേ രണ്ട് കാലുകളിലും നഴ്‌സ് കുത്തിവെപ്പെടുത്തു. രണ്ട് തരം തുള്ളിമരുന്നും കുഞ്ഞിന് നൽകി. ഇതിൽ സംശയം തോന്നിയ കുടുംബം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ഡോക്ടറോട് വിവരം പറഞ്ഞതോടെയാണ് വലിയ പിഴവ് തിരിച്ചറിഞ്ഞത്. ഉടൻ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. കടുത്ത പനി അനുഭവപ്പെട്ട കുട്ടി തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്.കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ നൽകിയ കുറിപ്പിൽ അധികമായി 5 വാക്‌സിൻ നൽകിയ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. കുഞ്ഞ് ചികിത്സയിൽ കഴിയുന്ന ജില്ലാ ആശുപത്രിയിൽ നിന്നും പിഴവ് ശരിവെക്കുന്ന റിപ്പോർട്ടും ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *