കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ കാഴ്ച വെല്ലുവിളി നേരിടുന്ന അധ്യാപകനെ ഏതാനും വിദ്യാർഥികൾ അപമാനിച്ച സംഭവത്തിൽ മാതൃകാ പരമായി നടപടി വേണമെന്ന് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ അഡ്വ. ജയഡാളി. എം.വി. ആവശ്യപ്പെട്ടു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. റ്റി. വി. ആന്റു, ജില്ലാ വൈസ് പ്രസിഡന്റ് സുനീർ സി എം എന്നിവർ ചെയർപേഴ്സണൊപ്പം മഹാരാജാസ് കോളജ് സന്ദർശിച്ചു. കോളജ് പ്രിൻസിപ്പൽ, അസിസ്റ്റന്റ് പ്രൊഫസർ സി.യു. പ്രിയേഷ് എന്നിവരുമായി സംസാരിച്ചു വസ്തുതകൾ മനസ്സിലാക്കി. നിലവിൽ 5 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും 3 അംഗ കമ്മീഷനെ അന്വേഷണം നടത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
കാഴ്ച വെല്ലുവിളിയുള്ള അധ്യാപകർ ക്ലാസ് എടുക്കുന്ന സന്ദർഭങ്ങളിൽ ക്യാമറ സംവിധാനം പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.