വയനാട് : സുല്‍ത്താന്‍ബത്തേരി കാട്ടിക്കുളത്ത് വന്‍ നിരോധിത പുകയില ഉല്പന്ന വേട്ട. ഓണത്തിനോട് അനുബന്ധിച്ച് കര്‍ണാടകയില്‍ നിന്നും വന്‍തോതില്‍ വയനാട്ടിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുനെല്ലി പൊലീസ് ഇന്‍സ്‌പെക്ടര്‍ ജി. വിഷ്ണു, എസ്ഐ സി.ആര്‍. അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലാണ് പച്ചക്കറിയുടെ മറവില്‍ പിക്കപ്പ് ജീപ്പില്‍ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാന്‍സ് പിടികൂടിയത്. 15 പൗച്ചുകളടങ്ങിയ 50 കവറുകളിലുള്ള 56,250 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചത്. ഇതിന് വിപണിയില്‍ മുപ്പതുലക്ഷത്തോളം വിലമതിക്കുന്നതാണിതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ഹാന്‍സ് കടത്തിയ വാഹന ഡ്രൈവര്‍ വാളാട് നൊട്ടന്‍ വീട്ടില്‍ ഷൗഹാന്‍ സര്‍ബാസ് (27) നെ അറസ്റ്റ് ചെയ്തു. ഹാന്‍സ് കടത്തിയ കെഎല്‍ 55 എന്‍ 6018 വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്‌കൂള്‍ പരിസരത്തുള്‍പ്പെടെയുള്ള കടകളിലേക്ക് നല്‍കുന്നതിനായി കൊണ്ടുവന്നതാണ് ഹാന്‍സെന്ന് പൊലീസ് വ്യക്തമാക്കി. എഎസ്ഐ സൈനുദ്ധീന്‍, എസ്സിപിഒ സുഷാദ്, സിപിഒ മാരായ ലിജോ, ബിജു രാജന്‍, രാഹുല്‍ ചന്ദ്രന്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.