ന്യുഡൽഹി: ഇന്ത്യയിൽ സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രം വർദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന നടത്തിയപഠനം വ്യക്തമാക്കുന്നു. 36 രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നതിലെ വൈമുഖ്യം നാലിൽ ഒരു ഗർഭധാരണം ആഗ്രഹിക്കാതെ ഉണ്ടാകുന്നതാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.താഴ്ന്നതും, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ജീവിക്കുന്ന 740 ലക്ഷം സ്ത്രീകളിൽ എല്ലാവർഷവും ഇത്തരം ഗർഭധാരണം നടക്കുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇത് 250 ലക്ഷം സുരക്ഷിതമല്ലാത്ത ഗർഭച്ഛിദ്രത്തിനും കാരണമാകുന്നതായാണ് റിപ്പോർട്ട്. പ്രതിവർഷം 47,000 മാതൃമരണത്തിനും് ഇടയാക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.ഇത്തരം പ്രവണത ഇന്ത്യയിലാണ് കൂടുതലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയിൽ 2015 ൽ മാത്രം 156 ലക്ഷം ഗർഭച്ഛിദ്രമുണ്ടായെന്നാണ് ലാൻസെറ്റ് കഴിഞ്ഞ വർഷം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. രാജ്യത്തെ ഗർഭച്ഛിദ്ര നിരക്ക് 47 ശതമാനമാണ്. 15 നും 49 നുമിടയിൽ പ്രായമുള്ള ആയിരം സ്ത്രീകളുടെ കണക്ക് പ്രകാരം തയാറാക്കിയ കണക്കാണിത്. ഇതിൽ 34 ലക്ഷവും ആരോഗ്യ കേന്ദ്രങ്ങളിലാണ് നടക്കുന്നത്. അതായത് മൊത്തം എണ്ണത്തിന്റെ ഏകദേശം 22 ശതമാനം. ബാക്കിവരുന്ന 73 ശതമാനം ആശുപത്രികൾക്ക് പുറത്ത് മരുന്നുപയോഗിച്ച് നടത്തുന്നു എന്നാണ് കണ്ടെത്തൽ. അഞ്ച് ശതമാനം മറ്റ് മാർഗങ്ങളിലൂടെയും നടക്കുന്നുവെന്നും ലാൻസറിന്റെ പഠനം പറയുന്നു. രാജ്യത്ത് മൊത്തം ഗർഭധാരണങ്ങളിൽ മൂന്നിലൊന്ന് അലസുന്നുണ്ട്. ആഗ്രഹിക്കാതെയുള്ളവയിൽ പകുതിയും ഇത്തരത്തിൽ ഇല്ലാതാകുന്നു പഠനം പറയുന്നു.
ആഗ്രഹിക്കാതെയുണ്ടാകുന്ന ഗർഭം അമ്മയ്ക്കും കുഞ്ഞിനും നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. പോഷകാഹാരക്കുറവ്, അസുഖങ്ങൾ, അവഗണന, മരണം തുടങ്ങിയവയിലേക്ക് ഇത് നയിക്കാം എന്നാണ് കണ്ടെത്തൽ.
അനാവശ്യമായ ഗർഭധാരണം, ആധുനിക ഗർഭധാരണ മാർഗങ്ങൾ ഉപയോഗിച്ച് തടയുന്നത് ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന് ഏറെ ഗുണകരമാണെന്ന് ലോകാരോഗ്യ സംഘടനയുടെ മുൻ മെഡിക്കൽ ഓഫീസർ മാരി നഗായി ചൂണ്ടിക്കാട്ടുന്നു. ഇത് മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന് പുറമെ സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യസ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും സഹായകമാകുകയും ചെയ്യും.ഫലപ്രദമായ ഗർഭനിരോധന മാർഗങ്ങൾക്കുള്ള പങ്കാളിത്ത തീരുമാന സമീപനങ്ങളുടെ ആവശ്യകതയിലേക്കാണ് ലോകാരോഗ്യ സംഘടനയുടെ ഈ പഠനം വിരൽ ചൂണ്ടുന്നത്. ഇതേക്കുറിച്ചുള്ള സ്ത്രീകളുടെ ആശങ്കകൾ നേരത്തെ കണ്ടെത്തി, അവരുടെ അവകാശങ്ങളും അന്തസും ഹനിക്കാതെ തന്നെ പരിഹരിക്കുന്നതിനായി കൗൺസിലിംഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തമെന്നും ലോകാരോഗ്യ സംഘടന നിർദേശിക്കുന്നു.