തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മകന് കൂട്ടു നിന്ന അമ്മയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കരവാരം ചാത്തമ്പാറ തവക്കൽ മൻസിലിൽ സെനിത്ത് നൗഷാദിന്റെ ഭാര്യ ഹയറുന്നിസ(47)യാണ് അറസ്റ്റിലായത്. കേസിൽ ഒന്നാം പ്രതിയും ഹയറുന്നിസയുടെ മകനുമായ ഷിയാസ് ഒളിവിലാണ്. ഇവരുടെ അകന്ന ബന്ധുവായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഷിയാസ് പീഡിപ്പിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചാത്തമ്പാറയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നത് ഹയറുന്നിസയായിരുന്നു. ഇവരുടെ അറിവോടെയാണ് ഷിയാസ് പെൺകുട്ടിയെ പീഡിപ്പിച്ചതത്രെ. പീഡനത്തിനുശേഷം വിവാഹവാഗ്ദാനത്തിൽനിന്ന് പിൻമാറിയതോടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവത്തിൽ കിളിമാനൂർ പൊലീസ് കേസെടുത്തതോടെ ഹയറുന്നിസയും ഷിയാസും ഒളിവിൽ പോവുകയായിരുന്നു.ഏറെക്കാലമായി ഒളിവിലായിരുന്ന ഹയറുന്നിസ കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷിയാസിനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് കിളിമാനൂർ പൊലീസ് അറിയിച്ചു.