മാധ്യമ പ്രവർത്തകനെ ഭീഷണിപ്പെടുത്തിയ സംഭവം; സെൻകുമാറിനെതിരെ കേസ്

തിരുവനന്തപുരം പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് മുൻ ഡിജിപി ടിപി സെൻകുമാറിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനെ സംഘം ചേർന്ന് ഭീഷണിപ്പെടുത്തിയതിനാണ് കൺഡോൺമെൻറ് പൊലീസ് കേസെടുത്തിട്ടുള്ളത്. ടി പി സെൻകുമാറിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന സുഭാഷ് വാസുവിനെതിരെയും കേസ് എടുത്തിട്ടുണ്ട്. മാധ്യമ പ്രവർത്തകനായ കടവിൽ റഷീദാണ് കൺഡോൺമെൻറ് പൊലീസിൽ പരാതി നൽകിയത്.വെള്ളാപ്പള്ളി നടേശനെതിരായി തിരുവനന്തപുരം പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിനിടെ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് മുൻ ഡിജിപി ടി പി സെൻകുമാർ തട്ടിക്കയറുകയായിരുന്നു. സെൻകുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ ഒരു പാതകമാണെന്ന ചെന്നിത്തലയുടെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യമാണ് സെൻകുമാറിനെ ചൊടിപ്പിച്ചത്.ചോദ്യം ചോദിച്ചതിൻറെ പേരിൽ മാധ്യമ പ്രവർത്തകനെ വ്യക്തിപരമായി അധിക്ഷേപിക്കുകയും സെൻകുമാറിന്റെ ഒപ്പമുണ്ടായിരുന്ന ആളുകൾ മാധ്യമപ്രവർത്തകനെ പിടിച്ച് തള്ളാൻ ശ്രമിക്കുകയുമായിരുന്നു. ടി പി സെൻകുമാറിനും സുഭാഷ് വാസുവിനും പുറമെ കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയുമാണ് കൺഡോൺമെൻറ് പൊലീസ് കേസ് എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *