തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിൽ. തൃശ്ശൂരിലെ ജനറലാശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ നഗരത്തിൽ വുഹാൻ സർവകലാശാലയിൽ പഠിക്കുകയായിരുന്ന ഈ വിദ്യാർത്ഥി കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ചൈനയിൽ രോഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ തൃശൂരിലെ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.
ഈ വിദ്യാർത്ഥിയോടൊപ്പം മറ്റ് മൂന്ന് പേർ കൂടി തൃശ്ശൂർ ജനറലാശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ട്. ഇവരിൽ ഒരാൾക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിൽ നിന്ന് എത്തിയതാണെന്ന് അറിയിച്ച ഉടൻ തന്നെ, ഇവരെ നാല് പേരെയും വെവ്വേറെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇവരുടെ രക്തസാമ്പിളുകൾ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
പരിഭ്രാന്തിയുടെ സാഹചര്യമില്ല. എല്ലാം സുസജ്ജമാണ്. ജനറൽ ആശുപത്രിയിൽ നിന്ന് വിദ്യാർത്ഥിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. അവിടത്തെ ഐസൊലേഷൻ വാർഡിൽ കുറച്ചുകൂടി സൗകര്യങ്ങൾ പെട്ടെന്ന് എത്തിക്കാനാകും. കൂടുതൽ ഡോക്ടർമാരെക്കൂടി നിയമിച്ച് മെഡിക്കൽ ടീം സുസജ്ജമാക്കുകയും വിപുലീകരിക്കുകയും ചെയ്യും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.കുട്ടിയുടെ നില ഗുരുതരമല്ലെന്നും ആദ്യം തന്നെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
806 പേരാണ് കേരളത്തിൽ കൊറോണ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 20 പേർക്കാണ് പ്രകടമായി കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നത്. ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഇതിൽ പത്ത് പേരുടെ ഫലം നെഗറ്റീവായിരുന്നു. ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. രണ്ട് പേർക്ക് എച്ച്വൺ എൻവൺ ബാധയാണെന്ന് വ്യക്തമായിട്ടുണ്ട്. ആറ് പേരുടെ ഫലമാണ് വരാനുള്ളത്. ഇതിൽ ഒരാളുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. ചൈനയിൽ നിന്നോ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യത്ത് നിന്നോ എത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടമായി പുറത്തുവരുന്നതിന് മുമ്പേ പകരുന്നതാണ് കൊറോണ വൈറസ്. അതിനാൽ ആദ്യമേ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ചുമ, പനി, ശ്വാസതടസ്സം എന്നിവയാണ് കൊറോണവൈറസിൻറെ പ്രധാനലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. രോഗിയെ കൃത്യമായി പരിചരിക്കും. ഇതുമായി ബന്ധപ്പെട്ട് സാമ്പിളുകൾ അയക്കേണ്ടതാണ്. ഒരാൾ പോലും കൊറോണവൈറസ് ബാധയേറ്റ് മരിക്കരുതെന്ന് സർക്കാരിന് നിർബന്ധമുണ്ട്. അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണ്, കെ കെ ശൈലജ വ്യക്തമാക്കി.
അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ഒരു വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പടർത്തരുത്. വാർത്താ മാധ്യമങ്ങളും ശ്രദ്ധിക്കണം എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.ചൈനയിൽ നിന്ന് വന്നവർ ഉടൻ ദിശ എന്ന നമ്പറിൽ വിളിക്കണം. നമ്പർ 1056- അതല്ലെങ്കിൽ തൊട്ടടുത്തുള്ള മെഡിക്കൽ ഓഫീസറെ സമീപിക്കണം. എല്ലാ സുരക്ഷാ നിർദേശങ്ങളും സ്വകാര്യ ആശുപത്രികളും പാലിക്കണമെന്ന് ആരോഗ്യമന്ത്രി സൂചിപ്പിച്ചു..