ബെയ്ജിംഗ് : കൊറോണ വൈറസ് ബാധയുടെ ഉദ്ഭവകേന്ദ്രമായ വുഹാനിൽ നിന്നും പുറത്തുവരുന്നത് ജനിച്ച് 30 മണിക്കൂർ മാത്രം പിന്നിട്ട പിഞ്ചുകുഞ്ഞിലും വൈറസ് ബാധ സ്ഥിരീകരിച്ചതായി ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രോഗം സ്ഥീരികരിച്ച ഏറ്റവും പ്രായം കുറഞ്ഞ കേസ് ഈ പിഞ്ചു കുഞ്ഞിന്റേതാണ് ഇതോടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കും രോഗം പകരാമെന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ. പ്രസവത്തിന് മുൻപ് അമ്മയിൽ നടത്തിയ പരിശോധനയിൽ കൊറോണ വൈറസ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. അതേസമയം നേരത്തേ രോഗം സ്ഥിരീകരിച്ച ഒരു മാതാവ് ജൻമം നൽകിയ കുട്ടി കൊറോണ നെഗറ്റീവാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിൽ രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കാമെന്നാണ് ചൈനീസ് ആരോഗ്യവിഭാഗം അധികൃതർ കരുതുന്നത്. വുഹാനിലെ പ്രാദേശിക മാർക്കറ്റിൽ വിൽപനയ്ക്ക് വച്ചിരുന്ന വന്യമൃഗങ്ങളുടെ മാംസത്തിലൂടെയാണ് രോഗം പകർന്നതെന്നാണ് കരുതുന്നത്.