കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസില്‍ സ്ത്രീകളടക്കമുള്ള താരങ്ങള്‍ കൂറ് മാറിയിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്കിയ വി.ഐ.പിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും. അതേസമയം പൊലീസ് ക്ലബില്‍ വെച്ചല്ല, വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നാലര മണിക്കൂര്‍ കാവ്യ മാധാവനെ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.