കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മനെതിരെ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകനാണ് അനിൽ ആന്റണി. അടുത്തിടെ ബിജെപിയിൽ ചേർന്ന ഇദ്ദേഹത്തിന് പാർട്ടി ദേശീയ സെക്രട്ടറി പദവി നൽകിയിരുന്നു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ താൻ ബിജെപിയ്ക്കായി പ്രചാരണത്തിനിറങ്ങുമെന്ന് അനിൽ ആന്റണി തന്നെയാണ് വ്യക്തമാക്കിയത്. നേരത്തെ ബിജെപി സ്ഥാനാർഥികളുടെ സാധ്യത പട്ടികയിലേക്കും അനിലിന്റെ പേര് ഉയർന്ന് കേട്ടിരുന്നു. പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർഥിയെ കോർകമ്മിറ്റിക്ക് ശേഷം പ്രഖ്യാപിക്കും. ബിജെപിക്ക് വേണ്ടി താനും പ്രചാരണത്തിന് ഉണ്ടാകുമെന്നും അനിൽ പറഞ്ഞു. നേരത്തെ അനിൽ സ്ഥാനാർഥിയായേക്കുമെന്ന വാർത്തകളെ ഇദ്ദേഹം തന്നെ തള്ളിയിരുന്നു. അതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. ആര് സ്ഥാനാർഥിയാകണമെന്ന് പാർട്ടി തീരുമാനിക്കും എന്നായിരുന്നു അനിൽ പറഞ്ഞത്.