കൊച്ചി : ഹൈക്കോടതിയുടെ എ ഐ ക്യാമറ വിഷയത്തില്‍ ഉത്തരവ് നിലനില്‍ക്കേ എസ് ആര്‍ ഐ ടി കമ്പനി ആദ്യ ഗഡു ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല . ഹൈക്കോടതിയില്‍ എഐ ക്യാമറ അഴിമതി എത്തിയതിനെത്തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ കമ്പനിക്ക് തല്‍ക്കാലം തുക നല്‍കരുതെന്ന് ഉത്തരവിട്ടത്. ഈ ഉത്തരവ് നിലനില്‍ക്കേയാണ്കമ്പനി ആദ്യഗഡുവിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വെറും 100 കോടി രൂപയ്ക്ക് താഴെ നടപ്പിലാക്കാവുന്ന പദ്ധതിക്കാണ് 232 കോടിയായി തുക വര്‍ദ്ധിപ്പിച്ചു നല്‍കിയത്. ഇത് പ്രതിപക്ഷം തെളിവുസഹിതം പുറത്തു കൊണ്ടുവന്നെങ്കിലും സര്‍ക്കാര്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്ന് മുന്നോട്ട് പോകുകയാണുണ്ടായത്. തുടര്‍ന്നാണ് പ്രതിപക്ഷനേതാവും താനും ഹൈക്കോടതിയെ സമീപിച്ചതെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേസ് അടിയന്തിര വാദം കേട്ട കോടതി ഇടക്കാല ഉത്തരവിലൂടെ എസ്‌ആര്‍ഐടിക്ക് സര്‍ക്കാര്‍ തുക അനുവദിച്ചു നല്‍കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കുകയാണ് ഉണ്ടായത്. കമ്പനി ഇതിനിടയിലാണ്കോടതിയെ സമീപിക്കാതെ സര്‍ക്കാരിനെ സമീപിച്ച് ആദ്യ ഗഡു ലഭ്യമാക്കണമെന്ന് കത്ത് നല്‍കിയിരിക്കുന്നത്.ഇക്കാര്യത്തില്‍ എസ്‌ആര്‍ഐടിക്ക് അനുകൂലമായി തീരുമാനമെടുക്കാൻ സര്‍ക്കാര്‍ അണിയറയില്‍ നീക്കം നടത്തുന്നത് ഒത്തുകളിയല്ലാതെ മറ്റെന്താണ്? മുഖ്യമന്ത്രിയുടെ അടുത്ത ബന്ധു പങ്കാളിയായിട്ടുള്ളതാണ് ഇതിലൊരു കമ്പനിയെന്നത് ഇതിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.