മലപ്പുറം: രാത്രിയില്‍ വീടിന് തീയിട്ട് കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമം. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം വൈക്കത്തൂര്‍ തെക്കിനി പള്ളിയാലില്‍ ശ്രീധരന്റെ വീട്ടിനുള്ളിലേക്കാണ് തീ കത്തിച്ചെറിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ച 3.30ഓടെയാണ് സംഭവം. ശ്രീധരനും ഭാര്യ അനിതയും മക്കളായ അനുരാഗും അനുശ്രീയും കിടന്നിരുന്ന മുറിയിലേക്കാണ് ജനല്‍ വഴി തീയിട്ടത്.
ഡിസ്പോസിബിള്‍ കപ്പില്‍ മണ്ണെണ്ണയും കൂടെ കടലാസ് കത്തിച്ചതുമാണ് കട്ടിലിലേക്ക് എറിഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറങ്ങിക്കിടക്കുകയായിരുന്ന മകന് അനുരാഗിന്റെ കാലിന് ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് പുതപ്പ് കൊണ്ട് തീയണച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. തൊട്ടടുത്ത മുറിയില്‍ ശ്രീധരന്റെ അമ്മ കല്യാണിയും ഉറങ്ങുന്നുണ്ടായിരുന്നു. വളാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.