വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്ന് ചാണ്ടി ഉമ്മന്‍

കോട്ടയം: വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്ന് പുതുപ്പള്ളി യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. എന്നെകൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കും. പിതാവ് അമ്ബത്തിമൂന്ന് വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനോട് ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. ആ തരത്തില്‍ പാര്‍ട്ടി വലിയ വെല്ലുവിളിയാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി അറിയിക്കുന്നുവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. സാധാരണക്കാരന്റെ ജീവിതത്തെ മാറ്റാന്‍ വികസനം അനിവാര്യമാണ്. സാധാരണക്കാരന്റെ കൈത്താങ്ങാന്‍ ഇവിടുത്തെ എംഎല്‍എയ്ക്ക് കഴിഞ്ഞിരുന്നു.

വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാണ്ടി ഉമ്മനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധാരണയായിരുന്നു. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി ഉമ്മനെ ഔദ്യോഗികമായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നാഷണല്‍ ഔട്ട്‌റീച്ച്‌ സെല്‍ അധ്യക്ഷനാണ് ചാണ്ടി ഉമ്മന്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലെ സ്ഥിരം അംഗവുമായിരുന്നു ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച്‌ എഐസിസി അംഗീകാരത്തോടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *