ഡൽഹി: വിക്രം ലാൻഡർ പ്രൊപ്പൽഷൻഷൻ മോഡ്യൂളിൽ നിന്ന് വേർപെട്ടതിന് പിന്നാലെ ദൗത്യത്തിലെ അടുത്ത നിർണ്ണായക ഘട്ടമായ ഡീബൂസ്റ്റിംഗ് ചന്ദ്രയാൻ വിജയകരമായി പൂർത്തിയാക്കി. വേഗത കുറച്ച് താഴ്ന്ന ഭ്രമണപഥത്തിലേക്കെത്തിക്കാൻ ലാന്ററിന്റെ പ്രവേഗം കുറയ്ക്കുന്ന പ്രക്രിയയാണ് ഡീബൂസ്റ്റിങ്. ചന്ദ്രോപരിതലത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഇതുവഴി സാധിക്കും. പേടകത്തിലെ ത്രസ്റ്റർ എൻജിനുകൾ വിപരീതദിശയിൽ ജ്വലിപ്പിച്ചാണ് വെലോസിറ്റി കുറയ്ക്കുന്നത്. ഡീബൂസ്റ്റിങ് പൂർത്തിയാക്കിയതോടെ ചന്ദ്രനിൽ നിന്നും ഏറ്റവും ദൂരം കുറഞ്ഞ ഭ്രമണപഥമായ ‘പെരിലൂണിലേക്ക്’ ഉപഗ്രഹമെത്തും. ഇവിടെ നിന്നാണ് പ്രജ്ഞാൻ റോവർ വഹിച്ചുകൊണ്ടുള്ള വിക്രം ലാന്റർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള സോഫ്റ്റ് ലാന്റിങ്ങിന് തയ്യാറെടുക്കുക.
ഓഗസ്റ്റ് 23 വൈകുന്നേരം 5.47-ഓടെയാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. തിരശ്ചീനമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന വിക്രം, ചന്ദ്രോപരിതലത്തിന് ലംബമാക്കി മാറ്റി വേഗം ക്രമീകരിച്ചാകും താഴെയിറക്കുക. ലാൻഡിംഗിന് ശേഷം വിക്രം ലാൻഡറിൽ നിന്ന് പ്രജ്ഞാൻ റോവർ പുറത്തുവരികയും പേടകത്തിലെ ഉപകരണങ്ങൾ പ്രവർത്തന സജ്ജമാക്കുകയും ചെയ്യും. പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവപ്രദേശത്ത് ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവിടെ ജലം, മഞ്ഞ്, ധാതുക്കൾ എന്നിവയെക്കുറിച്ച് പഠനം നടത്തും.