ന്യൂഡല്‍ഹി: നിയമപരമായി സാധുതയില്ലാത്ത വിവാഹത്തില്‍ ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബങ്ങളിലെ പൂര്‍വികസ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തിലാവും മക്കള്‍ക്കും അവകാശം ഉണ്ടാകുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. വിവാഹത്തിന് പുറത്തുള്ള ബന്ധത്തില്‍ പിറന്ന കുട്ടികള്‍ക്ക് പാരമ്പര്യ സ്വത്തില്‍ അവകാശമുണ്ടോയെന്നതിലാണ് സുപ്രീം കോടതി തീര്‍പ്പ് കല്‍പിച്ചത്. 2011ലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് സുപ്രീം കോടതി വിധി.
മുമ്പ് ഹിന്ദു പിന്തുടര്‍ച്ചവകാശ നിയമപ്രകാരം നിയമ സാധുതയില്ലാത്ത വിവാഹത്തിലുള്ള മക്കള്‍ക്ക് സ്വന്തം മാതാപിതാക്കളുടെ സ്വത്ത് മാത്രമേ ലഭിക്കുമായിരുന്നുള്ളു. പാരമ്പര്യ സ്വത്തില്‍ ഇവര്‍ക്ക് അവകാശം നല്‍കിയിരുന്നില്ല. ഇത് ശരിവെച്ച മദ്രാസ് ഹൈക്കോടതി വിധിയെ ഉള്‍പ്പെടെ ചോദ്യം ചെയ്താണ് വിവിധ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ എത്തിയത്. സാമൂഹിക സാഹചര്യങ്ങള്‍ മാറുമ്പോള്‍ മുമ്പ് നിയമ വിരുദ്ധമായതിന് ചിലപ്പോള്‍ നിയമ സാധുത നല്‍കേണ്ടി വരുമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സുപ്രീം കോടതി വിധി. ലിവിങ് ടുഗതര്‍ ആയി ജീവിക്കുന്ന പങ്കാളികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്കും ഈ വിധിയുടെ ആനുകൂല്യം ലഭിക്കും. വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളില്‍ ഉള്‍പ്പെടെ ജനിക്കുന്ന കുട്ടികള്‍ക്കും സ്വത്ത് അവകാശം നല്‍കുന്നതാണ് പുതിയ വിധി.