കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ മണർകാട്ട് യൂത്ത് കോൺഗ്രസ് – ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിന്റെ മുന്നിലാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗം പ്രവർത്തകർക്കും പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തിവീശി. പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോൽവിയിൽ പ്രകോപിതരായ എൽഡിഎഫ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.
വഴിയാത്രക്കാരെ പോലും അക്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കല്ലേറ് നടത്തിയതെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ കോൺഗ്രസ് നേതാക്കളെല്ലാം സ്ഥലത്തെത്തി.പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സംഘർഷത്തിനു തുടക്കമിട്ടതെന്നു സിപിഎം ആരോപിച്ചു.
സംഭവം അറിഞ്ഞ് എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് അടക്കമുള്ള നേതാക്കളും സ്ഥലത്തെത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുടെ കട അടിച്ചു തകർത്തതായി ജെയ്ക് പറഞ്ഞു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവര്‍ത്തകർ പരുക്കേറ്റ് ആശുപത്രിയിലാണെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഏകപക്ഷീയമായി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്നും ജെയ്ക് ആരോപിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ ഡിവൈഎഫ്ഐക്കാർ ആക്രമണത്തിനു മുതിരുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം പറഞ്ഞു. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ അക്രമം നടക്കുമ്പോൾ നോക്കിനിൽക്കുകയായിരുന്നുവെന്നും ബൽറാം ആരോപിച്ചു.