കൊച്ചി: സിനിമാ രംഗത്തുള്ളതു പോലെ സീരിയല്‍ രംഗത്തും വനിതകളുടെ പരാതി പരിഹരിക്കാന്‍ സമിതി രൂപീകരിക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി. നടിമാരും സാങ്കേതികപ്രവര്‍ത്തകരുമടക്കമുള്ള സീരിയല്‍ രംഗത്തെ വനിതകള്‍ക്കു നിര്‍ഭയമായി ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് സതീദേവി പറഞ്ഞു. കൊച്ചിയില്‍ വനിതാ കമ്മീഷന്റെ സ്ഥിരം കൗണ്‍സലിങ് കേന്ദ്രം സ്ഥാപിക്കുമെന്നും അവര്‍ അറിയിച്ചു.
തിരുവനന്തപുരം കഴിഞ്ഞാല്‍ വനിതാ കമ്മീഷനു ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത് എറണാകുളം ജില്ലയില്‍ നിന്നാണെന്ന് സതീദേവി പറഞ്ഞു. തൊഴിലിടങ്ങളില്‍ വനിതകള്‍ക്കായുള്ള പരാതി പരിഹാര സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ദുരുപയോഗം സംബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുമെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.