ന്യൂഡല്‍ഹി : ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം ഇന്ന് വൈകിട്ട് ആറു മണിക്ക് മുംബൈയില്‍ നടക്കും. ഇന്ത്യ മുന്നണിയുടെ മൂന്നാമത്തെ യോഗമാണ് നാളെ നടക്കുന്നത്. പാറ്റ്നയും ബാംഗ്ലൂരുവിലും യോഗം നടന്നിരുന്നു. ഇതിന് ശേഷമാണ് മുംബൈയില്‍ രണ്ട് ദിവസങ്ങളിലായി യോഗം ചേരുന്നത്. മുന്നണിക്ക് കണ്‍വീനര്‍ വേണോ അതോ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റ് വേണോ എന്നുള്ള കാര്യത്തില്‍ തീരുമാനം ഉണ്ടാവും. തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആണ് യോഗം ചേരുന്നത്. ഇന്ത്യ മുന്നണിയുടെ കണ്‍വീനറെ നിശ്ചയിക്കുന്ന കാര്യത്തില്‍ യോ ഗത്തില്‍ ചര്‍ച്ച നടക്കും.
പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിന്റെ നേതൃ പദവിയുടെ കാര്യത്തില്‍ സമവായമാകുന്നു. സോണിയ ഗാന്ധിയെ ചെയര്‍പേഴ്‌സാണാക്കാനാണ് തീരുമാനം. എന്നാല്‍ സോണിയ ഗാന്ധി നിര്‍ദേശം നിരസിച്ചാല്‍ സോണിയ ഗാന്ധി നിര്‍ദേശിക്കുന്ന പേര് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കും . കണ്‍വീനര്‍മാര്‍ കോണ്‍ഗ്രസ് ഇതരപാര്‍ട്ടിയില്‍ നിന്നുണ്ടാകും. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന കാര്യത്തില്‍ തര്‍ക്കവിഷയമായി തുടരുകയാണ്. മല്ലികാര്‍ജ്ജുൻ ഖര്‍ഗെ കണ്‍വീനര്‍ സ്ഥാനം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ്.
അതേസമയം, നിതീഷ് കുമാര്‍ കണ്‍വീനറാകുന്നതിനെ പിന്തുണച്ച് കോണ്‍ഗ്രസും മമതയും രംഗത്തുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരെ സംയുക്ത പ്രതിഷേധ പരിപാടികള്‍ നടത്തുന്നതും യോഗത്തില്‍ ചര്‍ച്ച ആകും. ഇന്ത്യ മുന്നണി യോഗം ചേരുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ എൻ ഡി എ സഖ്യവും യോഗം ചേരും. അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എൻ സി പി ,എൻ ഡി എ യുടെ ഭാഗമായ ശേഷം ആദ്യമായാണ് മഹാരാഷ്ട്രയില്‍ എൻ ഡി എയോഗം ചേരുന്നത്. വെള്ളിയാഴ്ച്ചത്തെ എൻ ഡി എ യോഗത്തില്‍ ഘടകകക്ഷികളുടെ പരസ്പര സഹകരണം , നിലവിലെ രാഷ്ട്രീയ സാഹചര്യം എന്നീ വിഷയങ്ങള്‍ ചര്‍ച്ചയാകും.
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ ഇതിനകം അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. മുന്നണിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നത് സംബന്ധിച്ച യോഗത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നുറപ്പാണ്. രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ പാര്‍ട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയിരുന്നു. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച നടന്നു കഴിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം അശോക് ഗലോട്ട് പറഞ്ഞത്. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. അഖിലേഷ് യാദവിനായി സമാജ് വാദി പാര്‍ട്ടിയും അവകാശവാദമുന്നയിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ നടക്കുമെങ്കിലും അന്തിമ തീരുമാനം ഇന്നുണ്ടാകാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് വ്യക്തമാകുന്നത്.