കൊച്ചി : സംവിധായകൻ സിദ്ദിഖിന് വിട നല്കി സാംസ്കാരിക കേരളം. എറണാകുളം സെൻട്രല്‍ ജുമാമസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ഖബറടക്കം. സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധി പേരാണ് സിദ്ദിഖിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്. ഭൗതികദേഹം കടവന്ത്ര ഇൻഡോര്‍ സ്റ്റേഡിയത്തിലും പള്ളിക്കരയിലെ വീട്ടിലും പൊതുദര്‍ശനത്തിന് ശേഷമാണ് ഖബറടക്കത്തിനായി സെൻട്രല്‍ ജുമാമസ്ജിദിലേയ്ക്ക് കൊണ്ടുപോയത്. വന്‍ ജനാവലിയാണ് ഭൗതിക ദേഹത്തെ അനുഗമിച്ച് ഖബര്‍സ്ഥാനില്‍ തടിച്ചുകൂടിയത്. ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാൻ വീട്ടില്‍ സൗകര്യമൊരുക്കിയിരുന്നു.
കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചയോടെൃ കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ച് സിദ്ദിഖിന് ഹൃദയാഘാതം ഉണ്ടായത്. സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ് അദ്ദേഹത്തിന്റെ മരണവിവരം ഔദ്യോഗികമായി അറിയിച്ചത്.