ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അവിമതി കേസ് റദ്ദാക്കി കേരള ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കേസിൽ വിജിലൻസ് അന്വേഷണം തുടരാമെന്നും രണ്ടു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു. അതേസമയം, അന്വേഷണം ജേക്കബ് തോമസിനെ പീഡിപ്പിക്കാൻ ദുരുപയോഗം ചെയ്യരുതെന്നും, അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്റ്ററായിരിക്കെ ഡച്ച് കമ്പനിയിൽ നിന്നു മണ്ണുമാന്തിക്കപ്പലുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്നാണ് കേസ്. മൂന്നു സർക്കാർ പ്രതിനിധികൾ കൂടി ഉൾപ്പെട്ട വകുപ്പ് പർച്ചേസ് കമ്മിറ്റിയുടെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രഡ്ജർ വാങ്ങിയത് എന്നതിനാൽ ജേക്കബ് തോമസിനെ മാത്രം കേസിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് ഹൈക്കോടതി നേരത്തെ കേസ് റദ്ദാക്കിയത്. ഈ നിലപാടിനോട് യോജിക്കാനാവില്ലെന്നാണ് അഭയ് എസ്. ഓഖ, സഞ്ജയ് കരോൾ എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ഡവിഷൻ ബെഞ്ചിന്‍റെ നിരീക്ഷണം.