കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍മന്ത്രിയും സിപിഎം എംഎല്‍എയുമായ എ സി മൊയ്തീന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ഒന്‍പതു മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യല്‍. ഇഡി ആവശ്യപ്പെട്ടാല്‍ വീണ്ടും ഹാജരാകുമെന്ന് എ സി മൊയ്തീന്‍ പ്രതികരിച്ചു.
ഇഡി ആവശ്യപ്പെട്ട രേഖകളെല്ലാം ഹാജരാക്കി. അക്കൗണ്ട് മരവിപ്പിച്ചത് പിന്‍വലിക്കാന്‍ കത്തുനല്‍കിയതായും മൊയ്തീന്‍ വ്യക്തമാക്കി. ഇ.ഡി. രണ്ടുതവണ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഹാജരായിരുന്നില്ല. നിയമസഭാ സമ്മേളനം നടക്കവേ അത് ഒഴിവാക്കിയാണു മൊയ്തീന്‍ ചോദ്യം ചെയ്യലിന് എത്തിയത്.
ചോദ്യംചെയ്യല്‍ ഇന്നലെ രാത്രിയില്‍ പൂര്‍ത്തിയായി. ഇഡി വിളിച്ചാല്‍ ഇനിയും ഹാജവരാകുമെന്നും തനിക്ക് ആത്മവിശ്വാസക്കുറവില്ലെന്നും മൊയ്തീന്‍ പറഞ്ഞു. ബിനാമി ലോണ്‍ തട്ടിപ്പിന്റെ ആസൂത്രകന്‍ സതീഷ് കുമാറുമായി എ.സി. മൊയ്തീന് അടുത്ത ബന്ധമുണ്ടെന്നും സതീഷ് സിറ്റിംഗ് എം.എല്‍.എയുടെയും മുന്‍ എം.പിയുടെയും ബിനാമിയാണെന്നും ഇ.ഡി. വ്യക്തമാക്കിയിട്ടുണ്ട്.
400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണു ബിനാമി വായ്പ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 22 നാണ് എ സി മൊയ്തീന്റെയും നാല് ബിനാമികളുടേയും വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയത്. അന്ന് 15 കോടി രൂപ വില വരുന്ന 36 വസ്തുവകകള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.