പാലക്കാട്: വാളയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മുങ്ങിമരിച്ചു. വാളയാറിന് സമീപമുള്ള ധനലക്ഷ്മി ശ്രീനിവാസൻ എൻജിനീയറിങ് കോളേജ് വിദ്യാർഥികളാണ് ഒഴുക്കിൽപ്പെട്ട് മരിച്ചത്. ഇവർക്കൊപ്പം ഒഴുക്കിൽപ്പെട്ട മറ്റൊരു വിദ്യാർഥിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. എട്ടു വിദ്യാർഥികളാണ് ഡാമിൽ കുളിക്കാനിറങ്ങിയത്. വിദ്യാർഥികളായ ഷൺമുഖം, തിരുപ്പതി എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ബഹളം വെച്ചതിനെ തുടർന്ന് ഒരു വിദ്യാർഥിയെ ഡാമിൽ മീൻ പിടിക്കാൻ എത്തിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
അവധി ദിവസം കൂട്ടമായി ഡാമിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വാളയാർ പോലീസും പിന്നീട് പാലക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി. മൂന്നുമണിക്കൂറോളം നീണ്ട തെരച്ചിലിനോടുവിൽ ഫയർ ഫോഴ്സിൻ്റെ സ്‌കൂബ ഡൈവിങ് സംഘമാണ് കാണാതായവരെ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.