പത്തനംതിട്ട : രാത്രി വീടിനുമുന്നിലെ റോഡിൽ നിൽക്കുന്നതാരാണെന്ന് ചോദിച്ചതിനെ തുടർന്ന് അച്ഛനേയും മകനെയും മർദിച്ച കേസിൽ മൂന്നു പേരെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. തടിയൂർ കാവ്മുക്ക് മുടവൻ പൊയ്കയിൽ വീട്ടിൽ ശശിക്കും മകൻ അക്ഷയ് കുമാറിനുമാണ് കഴിഞ്ഞ ദിവസം രാത്രി 9 ന് വീടിനുമുന്നിൽ വച്ച് മർദനമേറ്റത്. അയിരൂർ തടിയൂർ കാവ്മുക്ക് കളപ്പുരക്കൽ രാജേഷ് (55), കളപ്പുരക്കൽ രാഹുൽ (18), കോയിപ്രം കുറവൻകുഴി ആന്താലിമൺ സുജിത് (21) എന്നിവരാണ് അറസ്റ്റിലായത്.
വീടിന് മുന്നിലെ വഴിയിൽ രാത്രി നിൽക്കുന്നത് ആരെന്ന് ചോദിച്ചതിനെ തുടർന്ന് വാക്ക് തർക്കവും തുടർന്ന് മർദനവും ഉണ്ടായത്. ശശിക്ക് തലയ്ക്കും നെഞ്ചിനും ആണ് മർദനമേറ്റത്. തടസം പിടിച്ച അക്ഷയ് കുമാറിന് നേരേ കല്ലും ഓടും എടുത്തെറിഞ്ഞു. തുടർന്ന് കമ്പി കൊണ്ടും അടിച്ചു. ഇരുവരും കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ രാവിലെ കാവുമുക്കിൽ നിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ പ്രകാശ്, എ എസ് ഐ ഷിറാസ്, സി പി ഓമാരായ വിപിൻ രാജ്, സുജിത് എന്നിവരാണുള്ളത്.