കൊച്ചി: വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിച്ചെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിലായി. മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് അറസ്റ്റിലായത്. സ്വർണം കടത്തിയത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണെന്നാണ് പ്രതി പറയുന്നത്.
ജിദ്ദയിൽ ഡ്രൈവറായ നിസാമുദ്ദീന്റെ അമ്മയുടെ ഡയാലിസിസിന് ആവശ്യമായ പണം നൽകാമെന്ന വാഗ്ദാനം ലഭിച്ചതിനെ തുടർന്നാണ് യുവാവ് സ്വർണ്ണക്കടത്ത് നടത്തിയത്. യാത്രാക്കൂലിയും 25,000 രൂപയും നൽകാമെന്നായിരുന്നു വാഗ്ദാനം. മലദ്വാരത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. നാല് ഗുളികകളാക്കിയാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. സ്വർണ്ണം കടത്തുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പിടികൂടിയത്.