പത്തനംതിട്ടയിൽ കനത്ത മഴ: രണ്ട് ഡാമുകൾ തുറന്നു, മൂഴിയാർ ഡാമിൽ റെഡ് അലർട്ട്

പത്തനംതിട്ട : ജില്ലയിൽ കനത്ത മഴ തുടരുന്നു. മഴ അതിശക്തമായതോടെ രണ്ട് ഡാമുകൾ തുറന്നു. മൂഴിയാർ, മണിയാർ ഡാമുകളാണ് തുറന്നിരിക്കുന്നത്. ഉരുൾപൊട്ടി മലവെള്ളം ഇരച്ചെത്തിയതോടെ, ഇരു ഡാമുകളുടെയും മുഴുവൻ ഷട്ടറുകളും തുറന്നിട്ടുണ്ട്. നിലവിൽ, മൂഴിയാർ ഡാമിൽ റെഡ് അലർട്ടാണ്.

കനത്ത മഴയായതിനാൽ ഡാമുകളിൽ നിന്ന് പരമാവധി വെള്ളം തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം. പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.

സെപ്റ്റംബറിൽ മഴ കനത്തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ലഭിച്ച മഴയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *