കോട്ടയം : പുതുപ്പള്ളിയിൽ എട്ട് പഞ്ചായത്തിൽ എട്ടിടത്തും യു.ഡി.എഫിന്റെ വ്യക്തമായ തേരോട്ടം. നാല് പഞ്ചായത്തുകളിൽ അയ്യായിരത്തിലേറെ ഭൂരിപക്ഷമാണ് യു.ഡി.എഫിന് ലഭിച്ചത്. 2021-ൽ മീനടം പഞ്ചായത്തിൽ എൽ.ഡി.എഫ്. മേൽക്കൈ നേടിയിരുന്നു. ഇത്തവണ മീനടവും ജെയ്ക്കിനെ കൈവിട്ടു. എട്ട് പഞ്ചായത്തിൽ ആറ് പഞ്ചായത്തും ഭരിക്കുന്നത് എൽ.ഡി.എഫ്. ആണ്. രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫ്. ഭരിക്കുന്നത്. ഒരു പഞ്ചായത്തിൽ പോലും എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് ഭൂരിപക്ഷം നേടാനായില്ല.
അയർക്കുന്നം, പുതുപ്പള്ളി, പാമ്പാടി, വാകത്താനം എന്നീ പഞ്ചായത്തുകളിൽ ഇത്തവണ യുഡിഎഫിന്റെ ഭൂരിപക്ഷം അയ്യായിരം കടന്നു. അയർക്കുന്നം – 5487, അകലക്കുന്നം – 4108, മണർകാട് – 3716, കുരോപ്പട – 4366, പുതുപ്പള്ളി – 5930, മീനടം – 2274, പാമ്പാടി – 5361, വാകത്താനം – 5425 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം. 11788 വോട്ടുകളാണ് അയർക്കുന്നത്ത് യുഡിഎഫ് നേടിയത്. എൽഡിഎഫ് ആകട്ടെ 6301 വോട്ടുകളും. അകലക്കുന്നത്ത് 7255 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 3104 വോട്ടുകളാണ് എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിച്ചത്. കൂരോപ്പടയിൽ 9595 വോട്ടുകളാണ് യുഡിഎഫിന് ലഭിച്ചത്. 5231 വോട്ടുകളാണ് എൽഡിഎഫിന് ലഭിച്ചത്. ബിജെപിക്ക് വേരോട്ടമുള്ള പഞ്ചായത്തിൽ 1219 വോട്ടുകളാണ് ഈ പഞ്ചായത്തിൽ നേടാനായത്.
ഏറ്റവും കൂടുതൽ പോളിങ് നടന്ന പാമ്പാടിയിൽ യുഡിഎഫിന് 12443 വോട്ടുകൾ ലഭിച്ചു. എൽഡിഎഫിന് 7082 വോട്ടുകളാണ് ലഭിച്ചത്. പുതുപ്പള്ളിയിൽ യുഡിഎഫിന് 114897 വോട്ടുകളാണ് ലഭിച്ചത്. എൽഡിഎഫിന് 5657 വോട്ടുകളും. ചാണ്ടി ഉമ്മന് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നൽകിയതും പുതുപ്പള്ളി തന്നെയാണ്. 5830 ആണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. മീനടത്ത് യുഡിഎഫിന് 5000 വോട്ടുകളും എൽഡിഎഫിന് 2667 വോട്ടുകളും ലഭിച്ചു. വാകത്താനത്ത് 11986 വോട്ടുകൾ യുഡിഎഫ് നേടിയപ്പോൾ എൽഡിഎഫ് 6561 വോട്ടുകൾ നേടി.