കൊച്ചി: കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥ മൂലം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ആക്ഷേപം. വലിക്കകത്ത് അപ്‌ഹോൾസ്റ്ററി സ്ഥാപനവും തൊട്ടടുത്ത മലാസ് ജ്യൂസ് കടയുമാണ് ബുധനാഴ്ച്ച പുലർച്ചെ രണ്ടോടെ അഗ്നിക്ക് ഇരയായത്. ഗാന്ധിനഗർ അഗ്‌നിരക്ഷ സേനയിലെ രണ്ട് യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. കലൂർ കെ.എസ്.ഇ.ബി ഓഫീസിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് കാരണമെന്ന് കടഉടമ ബെന്നിയും ടി.ജെ. വിനോദ് എം.എൽ.എയും ആരോപിച്ചു.ചൊവ്വാഴ്ച രാത്രി എട്ടോടെ കടയിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടിരുന്നു. കലൂർ കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചെങ്കിലും ഒറ്റപ്പെട്ട സംഭവമായതിനാൽ ഇപ്പോൾ നോക്കാനാകില്ലെന്നായിരുന്നു മറുപടി. തുടർന്ന് എം.എൽ.എയെ വിഷയം ധരിപ്പിച്ചു. എം.എൽ.എ എക്‌സി. എൻജിനിയറെ വിളിച്ച് അറിയിച്ചതിനാൽ ജീവനക്കാർ സ്ഥലത്തെത്തി.
പോസ്റ്റിലേക്ക് ടോർച്ചടിച്ച് നോക്കി സർവീസ് വയർ കരിഞ്ഞുപോയിട്ടുണ്ടെന്ന് അറിയിച്ചതല്ലാതെ പ്രശ്‌നം പരിഹരിക്കാൻ തയ്യാറായില്ല. ഇപ്പോൾ ഒന്നുംചെയ്യാൻ കഴിയില്ലെന്നും രാവിലെ ഓഫീസിലേക്ക് വരാനും ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മടങ്ങി. രാത്രി തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. സർവീസ് വയർ കരിഞ്ഞത് മനസിലാക്കിയ ഉദ്യോഗസ്ഥർ ലൈൻ ഓഫ് ചെയ്ത് പരിഹാരം കണ്ടിരുന്നെങ്കിൽ തീപിടിത്തമുണ്ടാകില്ലായിരുന്നുവെന്നും ബെന്നി ആരോപിച്ചു.
ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ നടപടിയെടുക്കണമെന്ന് ടി.ജെ. വിനോദ് ആവശ്യപ്പെട്ടു. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അഗ്‌നിരക്ഷാസേനയും കെ.എസ്.ഇ.ബിയും വിശദമായ അന്വേഷണം നടത്തും.