തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ്. മണികുമാർ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനാകും. രാവിലെ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. പ്രതിപക്ഷ നേതാവിന്റെ വിയോജനക്കുറിപ്പോടെയാണ് മണികുമാറിനെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി നിയമിക്കാൻ ഉന്നതതല സമിതി യോഗം ഗവർണർക്ക് ശുപാർശ നൽകിയത്. എസ്. മണികുമാറിന്റെ നിയമനത്തെ സ്പീക്കറും മുഖ്യമന്ത്രിയും അനുകൂലിച്ചു. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസ്സമില്ല. ഏപ്രിൽ 24നാണ് എസ്.മണികുമാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്നും വിരമിച്ചത്. അസിസ്റ്റന്റ് സോളിസിറ്റർ ജനറലായി പ്രവർത്തിച്ചിരുന്ന അദ്ദേഹം 2006 ജൂലൈയിൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി.
2019 ഒക്ടോബർ 11നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ജസ്റ്റിസ് മണികുമാറിനെതിരെ നേരത്തെ കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചെന്നാരോപിച്ചായിരുന്നു കോൺഗ്രസ് നേതാക്കൾ ജസ്റ്റിസ് മണികുമാറിനെതിരെ രംഗത്തെത്തിയത്. ജസ്റ്റിസ് മണികുമാർ വിരമിച്ചപ്പോള്‍ അദ്ദേഹത്തിന് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സ്വകാര്യ ഹോട്ടലില്‍ യാത്രയയപ്പ് നല്‍കിയതും വിവാദമായിരുന്നു.