പെരുമ്പാവൂര്‍:ടാങ്കര്‍ ലോറിയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഇരുന്നുറ്റിയമ്പതു കിലോയോളം കഞ്ചാവ് എ.എം റോഡില്‍ പെരുമ്പാവൂരിന് സമീപം ഇരവിച്ചിറയില്‍ വച്ച് പോലീസ് പിടികൂടി. വാഹനത്തിന്റെ ഉടമകൂടിയായ ഡ്രൈവര്‍ മധുര ഭൂതിപുരം പുതുപ്പാടി സെല്‍വകുമാര്‍ (42) നെ പോലീസ് അറസ്റ്റ് ചെയ്തു. ഒറീസയില്‍ നിന്ന് ഇടുക്കിയിലേക്ക് കടത്തുകയായിരുന്ന കഞ്ചാവ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലാകുന്നത്. അഞ്ച് ആറകള്‍ ഉള്ള ലോറിയിലെ ഒരു അറയില്‍ പ്രത്യേകം പായ്ക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്. വാഹനത്തില്‍ തവിടെണ്ണയാണെന്നാണ് ഡ്രൈവര്‍ സെല്‍വന്‍ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് അറയില്‍ ഒളിപ്പിച്ച നൂറ്റിപ്പതിനൊന്ന് പായക്കറ്റില്‍ പൊതിഞ്ഞ കഞ്ചാവ് കണ്ടെത്തിയത്. ഇയാള്‍ ഇതിനു മുമ്പും കഞ്ചാവ് കടത്തിയിരുന്നതായി പോലീസ് പറയുന്നു. റൂറല്‍ ജില്ലയില്‍ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികളുമായി ഇയാള്‍ക്കെന്തെങ്കിലും ബന്ധമുണ്ടായെന്ന് പരിശോധിച്ചുവരികയാണ്. സെല്‍വന്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇയാള്‍ ആര്‍ക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരുന്നു. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കഞ്ചാവ് കടത്തിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇതാദ്യമായാണ് ടാങ്കര്‍ ലോറിയിലുള്ള കഞ്ചാവ് കടത്ത് പിടികൂടുന്നതെന്ന് പോലീസ് പറഞ്ഞു.ഒന്നര വര്‍ഷത്തിനുള്ളില്‍ എണ്ണൂറു കിലോയോളം കഞ്ചാവാണ് റൂറല്‍ പോലീസ് പിടികൂടിയത്. എ.എസ്.പി അനുജ് പലിവാല്‍, പെരുമ്പാവൂര്‍ എസ്.എച്ച്.ഒ ആര്‍.രഞ്ജിത്ത്, കുറുപ്പംപടി എസ്.എച്ച്.ഒ വി.എസ്.വിപിന്‍, എസ്.ഐ മാരായ റ്റി.എല്‍.ജയന്‍, റിന്‍സ് എം തോമസ്, റോജി ജോര്‍ജ്, എ.എസ്.ഐ മാരായ അനില്‍കുമാര്‍, റ്റി.പി.പുഷ്പാംഗദന്‍, എസ്.സി.പിഒ മാരായ അബ്ദുള്‍ മനാഫ്, സന്ദീപ് കുമാര്‍, അനീഷ് കുര്യാക്കോസ്, സി.പി.ഒ മാരായ സുധീര്‍, അഭിലാഷ്, നിസാര്‍, സെബി ആന്റെണി, നൗഷാദ് എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് പിടികൂടിയത്.