കിറ്റുവിതരണം സമയബന്ധിതമായി പൂർത്തിയാക്കും: ഉറപ്പു നൽകി ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണത്തിനോടനുബന്ധിച്ച് ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്ക് നൽകുന്ന ഓണക്കിറ്റ് വിതരണം 50 ശതമാനം പൂർത്തീകരിച്ചതായി ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾക്ക് നാല് പേർക്ക് ഒരു കിറ്റ് എന്ന നിലയ്ക്കാണ് വിതരണം ചെയ്യുന്നത്.  സംസ്ഥാനത്തെ 136 ആദിവാസി ഊരുകളിൽ 50 ഊരുകളിൽ കിറ്റ് വിതരണം പൂർത്തിയാക്കി. ബാക്കിയുള്ളവ നാളെ പൂർത്തിയാക്കും. സംസ്ഥാനത്തെ എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന ഓണക്കിറ്റുകളുടെ വിതരണം എല്ലാ ജില്ലകളിലും പുരോഗമിക്കുകയാണ്. ശനിയാഴ്ച 7.45 വരെ 62,018 എഎവൈ കാർഡ് ഉടമകൾ കിറ്റ് കൈപ്പറ്റി.

മിൽമ, സപ്ലൈകോ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉത്പന്നങ്ങൾ ഭക്ഷ്യകിറ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ മിൽമയുടെ പായസം മിക്സ്, റെയ്ഡ്കോ (RAIDCO) തയ്യാറാക്കി നൽകുന്ന ശബരി കറി പൗഡറുകളിൽ ചിലത് സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ കാലതാമസം നേരിട്ടു. ഈ സാഹചര്യത്തിലാണ് ലഭ്യമാകാത്ത ഇനങ്ങൾക്ക് പകരമായി സമാന സ്വഭാവമുള്ള ഗുണമേൻമയുള്ള ഉത്പന്നങ്ങൾ കിറ്റിൽ ഉൾപ്പെടുത്തുന്നതിന് നിർദ്ദേശം നൽകിയതെന്ന് മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *